സാംസ്‌കാരിക പ്രവര്‍ത്തകര്‍ മാനാത്തുപാടത്ത്; പ്രീത ഷാജി വീണ്ടും അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു


കൊച്ചി: സര്‍ഫാസി നിയമത്തിലൂടെ വീട് ജപ്തി ചെയ്യാനുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ നീക്കത്തിനെതിരെ കൊച്ചി മാനാത്തുപാടത്തെ വീട്ടമ്മ പ്രീത ഷാജി വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പ്രീത ഷാജിക്ക് പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ മാനാത്തുപാടത്തെ വീടിന് മുന്‍പില്‍ ഒത്തുകൂടി. പ്രതിഷേധ കൂട്ടായ്മ പിടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാകുമെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ, സിആര്‍ നീലകണ്ഠന്‍ അടക്കമുള്ളവര്‍ സമരത്തിലോട് ഐക്യപ്പെട്ട് എത്തിയിരുന്നു.
ജപ്തി നടപടി തടഞ്ഞ 14 സര്‍ഫാസി വിരുദ്ധ മുന്നണി പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. സമരത്തില്‍ പങ്കെടുത്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയപ്പോള്‍ സര്‍ഫാസി വിരുദ്ധ മുന്നണി പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലില്‍ അടക്കുകയായിരുന്നു. സര്‍ക്കാറിന്റെ നിയമവിരുദ്ധ നടപടികളിലും പോലിസ് വിവേചനത്തിലും പ്രതിഷേധിച്ച ജയില്‍ കഴിയുന്നവരും നിരാഹാര സമരം നടത്തിയിരുന്നു.
അതേസമയം, ഹൈക്കോടതി ഉത്തരവ് പ്രകാരം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനെതിരെ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പ്രീത ഷാജി വീടിന് മുന്‍പില്‍ വീണ്ടും നിരാഹാര സമരം തുടങ്ങിയത്.

RELATED STORIES

Share it
Top