സാംപോളിക്കെതിരേ ആഞ്ഞടിച്ച താരങ്ങള്‍; അവസാന ഗ്രൂപ്പ് മല്‍സരത്തിന് മുമ്പ് സാംപോളിയെ മാറ്റണം


മോസ്‌കോ: ക്രൊയേഷ്യക്കെതിരായ നാണം കെട്ട തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനന്‍ ടീമില്‍ പൊട്ടിത്തെറി. പരിശീലകന്‍ സാംപോളി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയത്. തോല്‍വിയുടെ ഉത്തരവാദി സാംപോളിയാണെന്നും നൈജീരിയക്കെതിരായ അവസാന ഗ്രൂപ്പ് ഘട്ട മല്‍സരത്തിന് മുമ്പ് സാംപോളി അര്‍ജന്റീന വിടണമെന്നാണ് താരങ്ങളുടെ ആവശ്യം. ക്രൊയേഷ്യയുമായുള്ള മല്‍സര ശേഷം സെര്‍ജിയോ അഗ്യൂറോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാംപോളിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. മല്‍സര ശേഷം നടന്ന മീറ്റിങിലും താരങ്ങള്‍ സാംപോളിയെ മാറ്റണമെന്ന നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ക്രൊയേഷ്യക്കെതിരേ 4-2-3-1 എന്ന ആദ്യ മല്‍സരത്തിലെ ശൈലി മാറ്റി 3-4-3 എന്ന ഫോര്‍മാറ്റിലായിരുന്നു സാംപോളി അര്‍ജന്റീനയെ വിന്യസിച്ചത്. കൂടാതെ ആദ്യ പകുതിയില്‍ പരിചയസമ്പന്നരായ ഏഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നിവര്‍ക്കും സാംപോളി അവസരം നല്‍കിയില്ല. 54ാം മിനിറ്റില്‍ അഗ്യൂറോയ്ക്ക് പകരം ഹിഗ്വെയ്‌നെ കളത്തിലിറക്കിയ സാംപോളിയുടെ നടപടിയ്‌ക്കെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്.  യുവന്റസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവതാരം ഡിബാലയെ 68ാം മിനിറ്റില്‍ മാത്രമാണ് സാംപോളി കളത്തിലിറക്കിയത്. കൂടാതെ അവസാന മിനിറ്റുകളില്‍ സ്‌ട്രൈക്കര്‍മാരെ കൂടുതല്‍ കളത്തിലിറക്കി പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളാണ് സാംപോളിയുടെ ഭാഗത്ത് നിന്നുണ്ടായത്. മല്‍സര ശേഷം തന്റെ തന്ത്രങ്ങള്‍ പിഴച്ചെന്ന് സാംപോളി തന്നെ പറഞ്ഞിരുന്നു.
എന്തായാലും സാംപോളി പുറത്തുപോയാല്‍ പകരം അര്‍ജന്റീനയുടെ മുന്‍ താരം യോര്‍ഗെ ബുറുചാഗ പകരക്കാരനായി എത്തുമെന്ന് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു. 1986ലോകപ്പില്‍ ഫൈനലില്‍ പശ്ചിമ ജര്‍മനിയെ 3-2ന്് അര്‍ജന്റീന തോല്‍പ്പിച്ചപ്പോള്‍ വിജയ ഗോള്‍ നേടിയ താരമാണ് ബുറുചാഗ.

RELATED STORIES

Share it
Top