സഹോദരിമാരും പിഞ്ചുകുട്ടിയും ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു

മഞ്ചേശ്വരം(കാസര്‍കോട്്): റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി സഹോദരിമാരും മകനും മരിച്ചു. പൊസോട്ടെ അബൂബക്കര്‍ ഹാജിയുടെ മക്കളായ ആമിന(45), ആയിശ(35), മകന്‍ ഷാമില്‍(രണ്ട്്) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മഞ്ചേശ്വരം ടൗണില്‍ പോയി തിരിച്ച് പൊസോട്ടെ വീട്ടിലേക്ക് വരുന്നതിനിടയില്‍ ട്രെയിന്‍ വരുന്നത് കണ്ട് സൈഡില്‍ നിന്നു. ട്രെയിന്‍ കടന്നുപോയതിന് ശേഷം പാളം മുറിച്ചുകടക്കുന്നതിനിടയില്‍ മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന ട്രെയിന്‍ എന്‍ജിന്‍ ഇടിച്ചാണ് മരിച്ചത്. മഞ്ചേശ്വരത്തെ കടയില്‍ പോയി സാധനങ്ങളും ആശുപത്രിയില്‍ പോയി ചികില്‍സയും നേടിയ ശേഷം വീട്ടിലേക്ക് വരുമ്പോഴാണ് ദുരന്തം. സംഭവസമയത്ത് മംഗളൂരു ഭാഗത്തേക്ക് ട്രെയിന്‍ കടന്നുപോവുന്നുണ്ടായിരുന്നു. ഇതുകണ്ടാണ് ഇവര്‍ സൈഡില്‍ നിന്നത്. ട്രെയിന്‍ പോയശേഷം ട്രാക്കില്‍ ഇറങ്ങിയ ഉടനെയാണ് എന്‍ജിന്‍ തട്ടിയത്. സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊസോട്ടെ അബൂബക്കര്‍ ഹാജി-ബീഫാത്തിമ ദമ്പതികളുടെ മക്കളാണ്. കുഞ്ചത്തൂരിലെ അബ്ദുല്ലയുടെ ഭാര്യയാണ് ആയിശ. ആയിശയുടെ മറ്റു മക്കള്‍: മുഹമ്മദ് ആഷില്‍, മുഹമ്മദ് ആദില്‍, ഫാസില്‍. പൊസോട്ട് സ്വദേശി മൊയ്തീന്റെ ഭാര്യയാണ് ആമിന. ആമിനയുടെ മക്കള്‍: സക്കുവാന്‍, ഫയാസ്, അല്‍ഫാസ്, അഫ്‌റാസ്, മുനീര്‍. സഹോദരങ്ങള്‍: മൈമൂന, അബ്ദുല്ല ഹാജി, മുഹമ്മദ്.

RELATED STORIES

Share it
Top