സഹോദരന്‍മാരാല്‍ കിണറ്റിലെറിയപ്പെട്ട യൂസുഫ്ഖുര്‍ആനോടൊപ്പം /ഇംതിഹാന്‍ ഒ അബ്ദുല്ല
പ്രവാചകന്റെ മക്കാജീവിതത്തിന്റെ അവസാന കാലഘട്ടം. പ്രവാചക ദൗത്യത്തോടുളള എതിര്‍പ്പ് മൂര്‍ധന്യത പ്രാപിച്ചിരിക്കുന്നു. എതിര്‍പ്പുകള്‍ രണ്ടുവിധത്തിലായിരുന്നു. ശാരീരിക പീഡനങ്ങളും മര്‍ദ്ദനങ്ങളും ഒരു വശത്ത്, മറുവശത്ത് ആശയപരമായ ചെറുത്ത് നില്‍പ്. അതിനാല്‍ തന്നെ പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്ന ഏകദൈവത്വം, പ്രവാചകത്വം, പരലോകം തുടങ്ങിയ സംജ്ഞകളില്‍ അവഗാഹമുളള വേദവാഹകരായ ക്രിസ്തീയ-ജൂത പണ്ഡിതന്‍മാരുടെ സഹായത്തോടെ പ്രവാചകനെ കുഴക്കാന്‍ പറ്റിയ പുതിയ പുതിയ വിഷയങ്ങള്‍ കണ്ടെത്തുന്ന തിരക്കിലായിരുന്നു മക്കയിലെ ഖുറൈശികള്‍. അങ്ങനെയിരിക്കെ പുതിയ ഒരു പ്രശ്‌നവുമായി അവര്‍ പ്രവാചകനെ സമീപിച്ചു. ഫലസ്തീന്‍ നിവാസികളായിരുന്ന  ബനൂഇസ്രായീല്യര്‍ ഈജിപ്തിലെത്തിയതെങ്ങനെ എന്നായിരുന്നു അവരുടെ ചോദ്യം. അറബികള്‍ക്ക് തീര്‍ത്തും അപരിചിതമായ ഈ വിഷയത്തിന് ഉത്തരം നല്‍കാനാവാതെ പ്രവാചകന്‍ കുഴഞ്ഞതു തന്നെ എന്ന് ഖുറൈശികള്‍ കരുതി. എന്നാല്‍ അവരുടെ ധാരണകളെ തീര്‍ത്തും അസ്ഥാനത്താക്കി കൊണ്ട് അവരുടെ മുമ്പില്‍ വെച്ച് ഒറ്റയടിക്ക് സാമാന്യം സുദിര്‍ഘമായ ഒരു ദിവ്യബോധനത്തിലൂടെ അല്ലാഹു തന്റെ ദൂതനെ സഹായിച്ചു. ആ വിവരണമാകട്ടെ, പൂര്‍വ്വീക വേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവാചകന്‍മാരായ യഅ്ഖൂബിന്റെയും യൂസുഫിന്റെയും പ്രവാചക വ്യക്തിത്വങ്ങളോട് കൂടുതല്‍ നീതി പുലര്‍ത്തുന്നതുമായിരുന്നു.
' നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതിനു മുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു. യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ,പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു. (യഅ്ക്കൂബ്)പറഞ്ഞു: എന്റെ മകനേ,നീ നിന്റെ സഹോദരന്‍മാര്‍ക്കിത് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ വ്യക്തമായ ശത്രുവാകുന്നു. അപ്രകാരം നിന്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും,സ്വപ്‌നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചു തരികയും, നിന്റെ മേലും യഅ്ഖൂബ് കുടുംബത്തിന്റെ മേലും അവന്റെ  അനുഗ്രങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്. മുമ്പ് നിന്റെ പിതാക്കളായ ഇബ്രാഹീമിന്റെയും ഇസ്ഹാഖിന്റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയതുപോലെതന്നെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്‍മാരിലും ചോദ്യകര്‍ത്താക്കള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.(യൂസുഫിന്റെ സഹോദരന്‍മാര്‍ പറഞ്ഞ സന്ദര്‍ഭം:)യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മേക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ(പ്രബലമായ)സംഘമാണ്. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴികേടിലാകുന്നു. നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ കൊണ്ടുപോയി ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ പ്രീത്രി നിങ്ങള്‍ക്കു( മാത്രമായി) ഒഴിഞ്ഞു കിട്ടും. അതിനുശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായി കഴിയുകയും ചെയ്യാം എന്നവര്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ അവരില്‍ നിന്ന് ഒരുവന്‍ പറഞ്ഞു:

യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്. നിങ്ങള്‍ക്ക്(വല്ലതും)ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍(ഒരു)കിണറിന്റെ അടിയിലേക്ക് ഇട്ടേക്കുക.ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്തു കൊളളും. (അങ്ങനെ പിതാവിന്റെ അടുത്ത് ചെന്ന്) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, യൂസുഫിന്റെ കാര്യത്തില്‍ താങ്കള്‍ക്കെന്ത് പറ്റി? യൂസുഫിന്റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല. ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്റെ ഗുണകാംക്ഷികളാണ്. നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചു തരിക. അവന്‍ ഉല്ലസിച്ചു നടന്നു കളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തു രക്ഷിച്ചോളാം.(യഅ്ഖൂബ്) പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടു പോവുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്. നിങ്ങള്‍  അവനെപ്പറ്റി അശ്രദ്ധനായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒരു പ്രബലസംഘമുണ്ടായിരിക്കെ അവനെ ചെന്നായ പിടിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ഒന്നിനും കൊളളാത്തവര്‍ തന്നെയായിരിക്കും. അങ്ങനെ അവര്‍ അദ്ദേഹത്തെ കൊണ്ടുപോവുകയും ഒരു കിണറിന്റെ ആഴത്തിലേക്കു തളളാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ നാം യൂസുഫിന് ബോധനം നല്‍കി 'തീര്‍ച്ചയായും നീ അവര്‍ക്ക് അവരുടെ ചെയ്തിയെപ്പറ്റി വിവരിച്ചു കൊടുക്കുന്ന അവസരം വരുന്നുണ്ട്.(അന്ന്)അവര്‍ അതിനെപ്പറ്റി ബോധവാന്‍മാരായിരിക്കുകയില്ല. അവര്‍ സന്ധ്യാ സമയത്ത് അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മല്‍സരിച്ചു ഓടിപ്പോവുകയും, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് വിട്ടുപോവുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നു കളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍ പോലും താങ്കള്‍ ഞങ്ങളെ വിശ്വസിക്കുകയില്ലല്ലോ.
യൂസുഫിന്റെ കുപ്പായത്തില്‍ കളളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അല്ല,നിങ്ങളുടെ മനസ് ഒരു കടും കൈ അനായാസം ചെയ്യാന്‍ നിങ്ങള്‍ക്ക് തോന്നിപ്പിച്ചതാകുന്നു. അതിനാല്‍ നല്ല ക്ഷമ കൈകൊളളുക തന്നെ. നിങ്ങള്‍ ചമച്ചുണ്ടാക്കുന്ന കാര്യത്തില്‍(എനിക്ക്)സഹായം തേടാനുളളത് അല്ലാഹുവോടത്രെ. (വിശുദ്ധ ഖുര്‍ആന്‍ അധ്യായം 12 യൂസുഫ് സൂക്തം 3-18)

RELATED STORIES

Share it
Top