സഹോദരങ്ങളടക്കം മൂന്നുപേര്‍ സംസ്ഥാന ചെസ് ചാംപ്യന്‍ഷിപ്പിലേക്ക്‌

കൊണ്ടോട്ടി: സഹോദരങ്ങള്‍ ഉള്‍പെടെ മൂന്നുപേര്‍ ജില്ലയില്‍നിന്ന് സംസ്ഥാന സോണല്‍ ചാംപ്യന്‍ഷിപ്പിലേക്ക്. കൊണ്ടോട്ടി ഗവ. വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥി സല്‍മാനും, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും സഹോദരനുമായ സഫ്‌വാന്‍, കക്കോവ് പിഎംഎസ്എപിടിഎംഎച്ച്എസ് സ്‌കൂളിലെ പി കെ ഫസീഹയുമാണ് ഞായറാഴ്ച കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സോണല്‍ മല്‍സരത്തിലേക്ക് യോഗ്യത നേടിയത്. മൊറയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന മലപ്പുറം റവന്യൂ ചെസ് ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് സഹോദരങ്ങളായ സല്‍മാനും, വെളളി നേടി സഫ്‌വാനും സോണലിലേക്ക് യോഗ്യത നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയാണ് പി കെ ഫസീഹ യോഗ്യത നേടിയത്.
ചെസ് കുടുംബത്തില്‍ നിന്നാണ് സഹോദരങ്ങളായ സല്‍മാനും സഫ്‌വാനും ചതുരംഗക്കളത്തിലെത്തുന്നത്. പിതാവ് ചെറിയമാളിയേക്കല്‍ സുബൈര്‍ഖാന്റെ ശിഷ്യണത്തില്‍ വളര്‍ന്ന കുടംബത്തിലെ ആറ് മക്കളും ചെസ് കളിയില്‍ പ്രാവിണ്യം തെളിയിച്ചവരാണ്. നിരവധി സംസ്ഥാന മല്‍സരങ്ങളില്‍ പങ്കെടുത്ത മൂത്ത മകന്‍ ചെന്നൈയില്‍ ഫിഡെ ട്രൈയിനറാണ്.
മറ്റുമക്കളായ സഈദ്, നവാബ്, നദീര എന്നിവരും വിവിധ മല്‍സരങ്ങളില്‍ ചാംപന്മാരാണ്. പിതാവിനും മക്കള്‍ക്കും പിന്തുണയുമായി മാതാവ് ശരീഫാ ബീവിയുമുണ്ട്.

RELATED STORIES

Share it
Top