സഹയാത്രികന്റെ പോക്കറ്റടിച്ച തൊരപ്പന്‍ റഫീഖ് പിടിയില്‍

താമരശ്ശേരി: ബസില്‍ ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്ത സഹയാത്രികന്റെ പോക്കറ്റിടിച്ചു മുങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ റഫീഖ് പോലിസ് പിടിയില്‍. പുതുപ്പാടി കാക്കവയല്‍ കക്കാട് നേരക്കാട്ടില്‍ റഫീഖ് എന്ന തൊരപ്പന്‍ റഫീഖിനെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ജീവനക്കാരനായ വെള്ളിപറമ്പ് സ്വദേശി ബിജീഷിന്റെ പേഴ്‌സാണ് കോഴിക്കോട് നിന്നും താമരശ്ശേരിക്കുള്ള യാത്രയ്ക്കിടയില്‍ ഇയാള്‍ തന്ത്രത്തില്‍ അപഹരിച്ചത്. 10,000 രൂപയും എടിഎം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളുമാണ് പേഴ്‌സില്‍ ഉണ്ടായിരുന്നത്. താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം ബസിറങ്ങാന്‍ ശ്രമിക്കവെയാണ് പേഴ്‌സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബസ് നിര്‍ത്തിയതോടെ റഫീഖ് ഇറങ്ങി മുങ്ങുകയായിരുന്നു. ബസിലെ പരിശോധനയ്ക്കു ശേഷം ബിജീഷ് താമരശ്ശേരി പുതിയ ബസ്സ്റ്റാന്റിലെത്തിയപ്പോള്‍ റഫീഖ് സമീപത്തെ ലോട്ടറി വില്‍പന കേന്ദ്രത്തില്‍ നിന്നും ലോട്ടറി വാങ്ങുന്നത് ശ്രദ്ധയില്‍പെട്ടു.
പേഴ്‌സ് നഷ്ടപ്പെട്ട വിവരം അന്വേഷിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു മറുപടി.  താമരശ്ശേരി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ കാലില്‍ കെട്ടിവച്ച നിലയില്‍ പണം കണ്ടെത്തിയെങ്കിലും പേഴ്‌സ് കണ്ടെത്താനായില്ല. ഇതിനിടെയാണ് താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍ കളഞ്ഞുകിട്ടിയ പേഴ്‌സുമായി പോലിസ് സ്‌റ്റേഷനിലെത്തിയത്. റഫീഖിനെ കണ്ട ഓട്ടോ ഡ്രൈവര്‍ തിരിച്ചറിയുകുയം ഇയാള്‍ ഇറങ്ങിപ്പോയപ്പോഴാണ് പേഴ്‌സ് കണ്ടെത്തിയതെന്ന് പോലിസിനെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് പോക്കറ്റടിച്ചത് റഫീഖാണെന്ന് സ്ഥിരീകരിച്ചത്. പുതിയ ബസ്റ്റാന്‍ില്‍നിന്നും ഓട്ടോയില്‍ കയറി പഴയ ബസ് സ്റ്റാന്റിലെത്തുകയും പണം കൈക്കലാക്കിയ ശേഷം പേഴ്‌സ് ഓട്ടോറിക്ഷയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരങ്ങളും അപഹരിക്കലാണ് തൊരപ്പന്‍ എന്നറിയപ്പെടുന്ന റഫീഖിന്റെ രീതിയെന്ന് പോലിസ് പറഞ്ഞു. താമരശ്ശേരി, കൊടുവള്ളി, കോടഞ്ചേരി, തിരുവമ്പാടി ഉള്‍പ്പെടെ പത്തിലേറെ പോലിസ് സ്‌റ്റേഷനുകളിലായി 30ഓളം കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top