സഹപ്രവര്‍ത്തകനെ മുളകുപൊടി വിതറി തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ച കേസ്: യുവതി അറസ്റ്റില്‍

വിഴിഞ്ഞം: ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടിലെത്തിയ സഹപ്രവര്‍ത്തകന്റെ മുഖത്ത് മുളക്‌പൊടി വിതറുകയും ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിക്കുകയും ചെയ്ത കേസില്‍ യുവതിയെ കോവളം പോലിസ് അറസ്റ്റ് ചെയ്തു.
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ തിരുവല്ലം ഇടയാര്‍ രാമകൃഷ്ണമന്ദിരത്തില്‍ ബാബു (31) വിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കോവളം കമുകിന്‍കുഴി വലിയകുളത്തിന്‍കര സ്വദേശിനിയായ നാദിറ (30)യെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി പോലിസ് പറയുന്നതിങ്ങനെ: കോവളം ബീച്ച് പാലസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലെ കുക്കിങ് ജീവനക്കാരാണ് ഇരുവരും. തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെ ബാബു ഹോട്ടലിലെ ജോലികഴിഞ്ഞ് യുവതിയുടെ ഭര്‍ത്താവില്ലാത്ത സമയംനോക്കി വീട്ടിലെത്തുകയായിരുന്നു. വീടിനുള്ളിലേക്ക് കടന്ന് അല്‍പസമയത്തിനകം അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മുളക് പൊടി മുഖത്ത് വിതറുകയും അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന വെള്ളം ബാബുവിന്റെ ദേഹത്ത്  ഒഴിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ചൂടുവെള്ളം ശരീരത്ത് വീണ യുവാവ് അവിടെനിന്നും 7.30 ഓടെ മടങ്ങി ഹോട്ടലിലെത്തുകയും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഐസ് വാട്ടര്‍ ശരീരത്തൊഴിക്കുകയും ചെയ്തു.
വേദന കൊണ്ട് പുളഞ്ഞ ബാബുവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ ഹോട്ടല്‍ ജീവനക്കാരാണ് വിവരം കോവളം പോലിസിനെ അറിയിച്ചത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍കോളജില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളും വ്യക്തിപരമായ പ്രശ്‌നങ്ങളുമാണെന്നുമാണ് പോലിസ് പറയുന്നത്. ബേണ്‍സ് ഐസിയു യൂനിറ്റില്‍ ചികില്‍സയില്‍ കഴിയുന്ന ബാബു വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോവളം എസ്‌ഐ അജിത്കുമാര്‍, എഎസ്‌ഐ വിജയകുമാര്‍, ഡബ്ല്യുപിസി മിനി,  സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷിബുനാഥ്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് കോവളം പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top