സഹപാഠിയുടെ കുത്തേറ്റ് മരിച്ച വിദ്യാര്‍ഥിനിക്ക് നാടിന്റെ അന്ത്യാഞ്ജലി

മുള്ളേരിയ: പ്രണയം നിരസിച്ചതിന്റെ പേരില്‍ സഹപാഠിയുടെ കുത്തേറ്റു മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചു. സുള്ള്യ നെഹ്‌റു കോളജിലെ രണ്ടാംവര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിനിയും കാറഡുക്ക ശാന്തി നഗറിലെ രാധാകൃഷ്ണഭട്ട്-ദേവകി ദമ്പതികളുടെ മകളുമായ അക്ഷത(19)യാണ് ചൊവ്വാഴ്ച വൈകിട്ട് കോളജ് വിട്ട് വീട്ടിലേക്ക് വരുന്നതിനിടയില്‍ ബൈക്കിലെത്തിയ മറ്റൊരു വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത്. പ്രേമാഭ്യര്‍ഥന നിരസിക്കുകയും സംഭവം പ്രിന്‍സിപ്പലിനോട് പരാതിപ്പെടുമെന്ന് പറഞ്ഞതിന്റെയും പേരിലാണ് വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയത്.
രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്നതിനിടയില്‍  ൈബക്കിലെത്തിയ ഇതേ കോളജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കാര്‍ത്തികാണ് കുത്തിയത്. ഇതിന് ശേഷം കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാര്‍ത്തികിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിരുന്നു. ഇയാളെ സുള്ള്യ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സുള്ള്യ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്  വിട്ടുകൊടുത്തു. പുലര്‍ച്ചെ രണ്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നിരവധി പേരാണ് എത്തിയത്. മുള്ളേരിയയിലെ വ്യാപാരിയാണ് പിതാവ് രാധാകൃഷ്ണഭട്ട്.

RELATED STORIES

Share it
Top