സഹകരണ മേഖലയില്‍ വേറിട്ട സാന്നിധ്യമായി ഗുരുവായൂര്‍ കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക്

ഗുരുവായൂര്‍: വളര്‍ച്ചയുടെ പടവുകള്‍താണ്ടി സഹകരണമേഖലയില്‍ വേറിട്ട ശബ്ദമായി മാറിയ ഗുരുവായൂര്‍ കോ:ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്.  1995-ശേഷം ആദ്യമായി ഓഹരി ഉടമകള്‍ക്ക് ഡിവിഡണ്ട് തുക അക്ഷയ തൃതീയ ദിനമായ ഇന്നലെ മുതല്‍ നല്‍കുവാന്‍ തീരുമാനിച്ചതായി ഗുരുവായൂര്‍ കോ:ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക് ചെയര്‍മാന്‍ വി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുടക്കത്തില്‍ ലാഭത്തിലായിരുന്ന ബാങ്ക്, 1998-മുതല്‍ നഷ്ടത്തിലായതിനെതുടര്‍ന്ന് ബാങ്ക് ലൈസന്‍സ് റിസര്‍വ്വ് ബാങ്ക് റദ്ദാക്കുന്ന അവസ്ഥയി ല്‍ നിന്നും ഭരണസമിതിയുടേയും ജീവനക്കാരുടേയും കഠിന പ്രയത്‌നംകൊണ്ടും സഹകാരികളുടെ ആത്മാര്‍ത്ഥമായ സഹകരണംകൊണ്ടും നിക്ഷേപ വായ്പാരംഗത്ത് വന്‍ നേട്ടം കൈവരിക്കാനായി. 2012-മുതല്‍ തനതുകാലങ്ങളില്‍ ലാഭവും 2015-മുതല്‍ അറ്റലാഭവുമായി പ്രവര്‍ത്തന ലാഭത്തില്‍ വന്നതിനെതുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് ഡെപ്യുട്ടി മാനേജര്‍, അര്‍ബ്ബന്‍ ബാങ്കിലെ ഡയറക്ടര്‍മാരേയും ജീവനക്കാരേയും അഭിനന്ദിച്ചതിനോടൊപ്പം ഗുരുവായൂര്‍ കോ:ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്, മറ്റ് അര്‍ബ്ബന്‍ ബാങ്കുകള്‍ക്ക് മാതൃകയാണെന്നും അഭിപ്രായപ്പെട്ടത് റിസര്‍വ്വ് ബാങ്ക്, ഗുരുവായൂര്‍ കോ:ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്കിന് ചാര്‍ത്തി നല്‍കിയ സുവര്‍ണ്ണമുദ്രയാണെന്ന് ചെയര്‍മാന്‍ അവകാശപ്പെട്ടു. ഒപ്പംതന്നെ 2020-ല്‍ നൂറുവര്‍ഷം പിന്നിടുന്ന ഗുരുവായൂര്‍ കോ:ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്ക്, ഇതരബാങ്കുകളോടൊപ്പം കിടപിടിക്കാന്‍ സാധിച്ചതായും ചെയര്‍മാന്‍ അവകാശപ്പെട്ടു.
2017-18 സാമ്പത്തിക വര്‍ഷം ഓഹരിമൂലധനം 6.03-കോടിയും നിക്ഷേപം 221.72 കോടിയും വായ്പ 154.81കോടിയും ഗോള്‍ഡ് ലോണ്‍ 40.21കോടിയായും വര്‍ദ്ധിപ്പിച്ചു. വ്യക്തികള്‍ക്ക് വായ്പയായി ഒരുകോടിയും കൂട്ടായ സംരഭത്തിന് 2-കോടിരൂപയും നല്‍കി വരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി വായ്പ നല്‍കുന്നതുകൊണ്ട് നിരവധി സഹകാരികള്‍ ബാങ്കിനെ ആശ്രയിച്ചുവരുന്നതായും ബാങ്കിന്റെ ഇപ്പോഴത്തെ എന്‍പിഎ 2.57-ശതമാനമാണെന്നും ചെയര്‍മാന്‍ അറിയിച്ചു. 2009-വരെ നഷ്ടത്തില്‍വന്ന ബാങ്ക്, 2010-മുതല്‍ ലാഭത്തില്‍ വരികയും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നീക്കിയിരിപ്പിന് ശേഷം ഒരുകോടിയോളംരൂപ ലാഭത്തിലെത്തിക്കാന്‍ കഴിഞ്ഞത് സഹകാരികളുടെ നിര്‍ലോഭമായ സഹകരണമാണ്. ഇപ്പോള്‍ 9-ശാഖകളുള്ള ബാങ്കിന് പുതിയ മൂന്ന് ശാഖകള്‍ ഇക്കൊല്ലം തന്നെ ആരംഭിക്കും.
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട കോഴ വിവാദം ഈ ബാങ്കിനെ തകര്‍ക്കാന്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന ഗൂഢതന്ത്രമാണ്. നിയമനങ്ങള്‍ തികച്ചും നിയമാനുസൃതവും സുതാര്യവുമായിരുന്നു. ഇന്റര്‍വ്യൂകളിലും പരീക്ഷകളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഏജന്‍സിയാണ് മാര്‍ക്കിടുന്നത്. 20-ശതമാനം മാത്രമാണ് ബോര്‍ഡിന്റെ അധികാരപരിധി. മറുപടി അര്‍ഹിക്കാത്ത വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പ്രതികരിക്കുന്നില്ലെന്നും പ്രശസ്തിയുടെ അത്യുന്നതിയില്‍ നില്‍ക്കുന്ന ഗുരുവായൂര്‍ കോ:ഓപ്പറേറ്റീവ് അര്‍ബ്ബന്‍ ബാങ്കിനെ കരിവാരിതേക്കാന്‍ ശ്രമിക്കുന്നവരുടെ കുപ്രചരണങ്ങളില്‍ സഹകാരികള്‍ വഴുതിവീഴരുതെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് ജനറല്‍ മാനേജര്‍ യു ശ്രീനാരായണന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ആന്റോതോമസ്, കെ പി ഉദയന്‍, അരവിന്ദന്‍ പല്ലത്ത്, കെ ഡി വീരമണി, ലൈലാമജീദ്, കെ ഐ വാസു, എം എസ് ശിവദാസ് പങ്കെടുത്തു.

RELATED STORIES

Share it
Top