സഹകരണ ബാങ്കുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി

തിരൂര്‍: യുവജനങ്ങളെ ഇടപാടുകളിലേക്ക് ആകര്‍ഷിക്കാനും പ്രവാസി നിക്ഷേപം സ്വീകരിക്കാനും സഹകരണ ബാങ്കുകളില്‍ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് സജീവ പരിഗണനയിലാണെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ശതവാര്‍ഷിത്തോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുള്ള ബാങ്കിടപാട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സൗകര്യങ്ങള്‍ സഹകരണ ബാങ്കുകളിലില്ലാത്തതിനാല്‍ കേരളത്തിലെ യുവതീ-യുവാക്കള്‍ സ്വകര്യബാങ്കുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ മാറ്റംവരുത്തി യുവതയുടെ പ്രാതിനിധ്യവും ഇടപെടലും സഹകരണമേഖലയിലേക്കുകൂടി ഉറപ്പുവരുത്തണം. പ്രവാസി നിക്ഷേപം സ്വീകരിക്കാനാകുന്നതോടെ സാമൂഹികരംഗത്ത് കൂടുതല്‍ ഇടപെടാനുള്ള അവസരം സഹകരണ ബാങ്കുകള്‍ക്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പുതിയ വെല്ലുവിളികളെ അതിജീവിച്ച് സഹകാരികള്‍ സഹകരണ ബാങ്കിംഗ്‌മേഖലയില്‍ ആധുനികവത്ക്കരണം നടപ്പാക്കാന്‍ പ്രയത്‌നിക്കണം. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ നിക്ഷേപവുമായി കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായിമുന്നേറുകയാണ്. നോട്ട് നിരോധനം നടപ്പാക്കി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് നേരെ സംഘടിത ആക്രമണമുണ്ടായപ്പോള്‍ ചെറുത്തുനില്‍ക്കാനും അതിജീവിക്കാനും സാധിച്ചു.
അതു സഹകരണമേഖലയുടെ ശക്തിയാണ് വ്യക്തമാക്കിയത്  മന്ത്രി അഭിപ്രായപ്പെട്ടു. ബാങ്ക് ചെയര്‍മാന്‍ കെ കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. വനിതകള്‍ക്കുള്ളസ്—കൂട്ടര്‍വായ്പാ പദ്ധതിയുടെ  ഉദ്ഘാടനം വി അബ്ദുറഹ്മാന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
ബാങ്ക് ജനറല്‍മാനേജര്‍ മുകുന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബാങ്ക്അംഗങ്ങളുടെമക്കള്‍ക്കുള്ള കുട്ടിശങ്കരന്‍ നായര്‍ എന്‍ഡോവ്‌മെന്റ് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും ബാങ്ക്ജീവനക്കാരുടെമക്കള്‍ക്കുള്ള എന്‍ഡോവ്മന്റ് ഔഷധി ഡയറക്ടര്‍ ഇ എന്‍ മോഹന്‍ദാസും വിതരണംചെയ്തു. മുന്‍ ബാങ്ക് ചെയര്‍മാന്‍മാരുടെ ഫോട്ടോ അനാച്ഛാദനം തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ബാവ നിര്‍വ്വഹിച്ചു. മുന്‍ ബാങ്ക്ഡയറക്ടര്‍മാരെ തുഞ്ചന്‍ സ്മാരക ട്രസ്റ്റ്‌സെക്രട്ടറി പി നന്ദകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു. ബാങ്ക്‌കെട്ടിടം നിര്‍മിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കുള്ള ഉപഹാരം അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ മുന്‍ ചെയര്‍മാന്‍ പി പി വാസുദേവന്‍ സമ്മാനിച്ചു.ബാങ്ക്‌വൈസ് ചെയര്‍മാന്‍ അഡ്വ. ദിനേശ് പൂക്കയില്‍, ആര്‍ മുഹമ്മദ് ഷാ സംസാരിച്ചു.

RELATED STORIES

Share it
Top