സഹകരണ ബാങ്കിലെ ജീവനക്കാരന് നാലു വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: 19 ലക്ഷത്തിന്റെ തിരിമറി നടത്തിയ കേസില്‍ സഹകരണ ബാങ്ക് ജീവനക്കാരന് നാലു വര്‍ഷം കഠിന തടവ്. കോട്ടയം ജില്ലയിലെ മീനച്ചല്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്കിലെ കാഷ്യറായിരുന്ന കോട്ടയം തലപ്പുലം സ്വദേശിയായ ദിലീപ് കുമാറിനെയാണ് കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി വി ദിലീപ് ശിക്ഷിച്ചത്. അഴിമതിനിരോധന നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും കുറ്റക്കാരനാണെന്നു കണ്ട് ഓരോ വകുപ്പിനും നാലു വര്‍ഷം വീതം കഠിന തടവിനും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2008ല്‍ ബാങ്കിന്റെ മോര്‍ണിങ് ആന്റ് ഈവനിങ് ഈരാറ്റുപേട്ട ശാഖയില്‍ കാഷ്യറായിരുന്ന പ്രതി മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 22 വരെയുള്ള നാലു ദിവസം കൊണ്ട് കാഷ് ബാലന്‍സ് കാണിക്കാതെ 19,43,584 രൂപ തിരിമറി നടത്തിയതിനായിരുന്നു വിജിലന്‍സ് കേസെടുത്തത്.
രണ്ടാം പ്രതി മുന്‍ ബ്രാഞ്ച് മാനേജരായിരുന്ന പൂഞ്ഞാര്‍ സ്വദേശിയായ പി ജെ ജോസ് കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. കോട്ടയം വിജിലന്‍സ് കിഴക്കന്‍ മേഖല മുന്‍ ഡിവൈഎസ്പി പി യു കുര്യാക്കോസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് മുന്‍ ഡിവൈഎസ്പി എ സി ജോസഫാണ്.

RELATED STORIES

Share it
Top