സഹകരണ ബാങ്കിലെ എല്ലാ നിയമനങ്ങളും പിഎസ്‌സിക്ക് വിടണമെന്ന് ആവശ്യംപുല്‍പ്പള്ളി: സഹകരണ ബാങ്കുകളിലെ എല്ലാ നിയമനങ്ങളും പിഎസ്‌സി വഴിയാക്കണമെന്ന് വയനാട് യൂത്ത് സര്‍വീസ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പല ബാങ്കുകളും ജീവനക്കാരെ നിയമിക്കുന്നത് വന്‍ കോഴ വാങ്ങിയാണ്. ഇതുമൂലം സാധാരണക്കാര്‍ക്ക് സഹകരണ മേഖലകളില്‍ ജോലി ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ജില്ലയിലെ ബാങ്കുകളില്‍ പുതിയ ജീവനക്കാരെ നിയമിക്കാനുള്ള അനുമതിക്കായി സഹകരണ വകുപ്പില്‍ നിന്നുള്ള നിര്‍ദേശം കാത്തിരിക്കുകയാണ്. എന്നാല്‍, ഇതിന് മുമ്പുതന്നെ കോഴ നല്‍കിയും സ്വാധീനമുപയോഗിച്ചും ജോലി തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബാങ്കിലെ ലാസ്റ്റ്‌ഗ്രേഡ് പോസ്റ്റിന് പോലും 10 ലക്ഷം രൂപ വരെയാണ് കോഴ ആവശ്യപ്പെടുന്നത്. അതാതു പഞ്ചായത്തില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിച്ച് അര്‍ഹരായവര്‍ക്ക് ജോലി നല്‍കുന്നതിന് പകരം സ്വാധീനമുപയോഗിച്ച് അനര്‍ഹരായവരെ തിരുകിക്കയറ്റുന്ന സമീപനമാണ് ബാങ്ക് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. സഹകരണ ബാങ്കുകളില്‍ നിയമവുമായി ബന്ധപ്പെട്ടുള്ള അഴിമതികള്‍ ഇല്ലാതാക്കാന്‍ ബാങ്കുകള്‍ തയ്യാറാവണം. പരീക്ഷകള്‍ പ്രഹസനമാണ്. ഇതുമൂലം സാമ്പത്തികമില്ലാത്തവര്‍ക്ക് സഹകരണ ബാങ്കുകളിലെ നിയമനം കിട്ടാക്കനിയാവുന്ന അവസ്ഥയാണുള്ളതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പി ജെ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. എ ജെ അഗസ്റ്റിന്‍, സനല്‍കുമാര്‍, റഷീദ്, അഖില ജോണ്‍, ജാന്‍സി കുര്യന്‍, എബി ബേബി സംസാരിച്ചു.

RELATED STORIES

Share it
Top