സഹകരണ കോളജിലെ സംഘര്‍ഷം: അറുപതോളം പേര്‍ക്കെതിരേ കേസ്

വടകര:കുരിക്കിലാട് സഹകരണ കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ, ഏബിവിപി പ്രവര്‍ത്തകരായ അറുപതോളം പേര്‍ക്കെതിരെ വടകര പോലിസ് കേസ്സെടുത്തു. എബിവിപി പ്രവര്‍ത്തകനായ വിഷ്ണു എസ് രാജീവിനെ അടിച്ചു പരിക്കേല്‍പ്പിച്ച പരാതിയില്‍ ആറു എസ്എഫ്‌ഐഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പടെ 21 പേര്‍ക്കെതിരെയും എസ്എഫ്‌ഐ പ്രവര്‍ത്തകനായ അമൃത് ലാലിനെ അക്രമിച്ച പരാതിയില്‍ കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെയുമാണ് കേസ്സെടുത്തത്.
പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ച വിവരം അറിഞ്ഞെത്തിയ ആര്‍എസ്എസ് കാര്യവാഹ് സുജിത്തിനെ ആശുപത്രിക്കുള്ളില്‍വച്ച് അടിച്ചു പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐഎസ്എഫ്‌ഐ പ്രവര്‍ത്തകരായ 11 ഓളം പേര്‍ക്കെതിരെയും എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി അഖിലിനെ ആക്രമിച്ച പരാതിയില്‍ 2 പേര്‍ക്കെതിരെയുമാണ് കേസ്സെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കോളജില്‍ സംഘര്‍ഷം ഉണ്ടായത്. ഇതേ തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് കോളജ് അടച്ചിട്ടിരിക്കുകയാണ്.

RELATED STORIES

Share it
Top