സഹകരണ ഓര്‍ഡിനന്‍സ് ശരിവച്ചു

കൊച്ചി: ജില്ലാ സഹകരണ ബാങ്കുകളിലെ സ്ഥിരാംഗത്വം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയ സഹകരണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു. ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് അസാധുവായ സംഘങ്ങളും ഭരണസമിതികള്‍ അസാധുവാക്കിയതിനെതിരേ ചില ജില്ലാ ബാങ്കുകളും സമര്‍പ്പിച്ച ഹരജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അഴിമതി, സ്വജനപക്ഷപാതം, ധന-അധികാര ദുര്‍വിനിയോഗം തുടങ്ങിയ നിയമവിരുദ്ധ കാര്യങ്ങളില്ലാതെ സംഘടനകളുടെ സുതാര്യമായ പ്രവര്‍ത്തനം ഉറപ്പാക്കാനും പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കലുമാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് ഉത്തരവ് നിരീക്ഷിക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കെല്ലാം ബന്ധപ്പെട്ട ജില്ലാ സഹകരണ ബാങ്കില്‍ സ്ഥിരാംഗത്വം നല്‍കുന്ന രീതി മാറ്റിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഒരാള്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്് പദവികളില്‍ തുടര്‍ച്ചയായ രണ്ടു തവണകള്‍ക്കപ്പുറം തുടരാനാവില്ലെന്നു വ്യവസ്ഥയുണ്ട്. ജില്ലാ ബാങ്ക് ഭരണസമിതികള്‍ ഇല്ലാതാക്കി അഡ്മിനിസ്‌ട്രേറ്ററെയോ അഡ്മിനിസ്‌ട്രേറ്റീവ് സമിതികളെയോ ഭരണം ഏല്‍പ്പിക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. ഇതു രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഭേദഗതി ഓര്‍ഡിനന്‍സ് സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും അന്യായമോ നിയമവിരുദ്ധമോ അനുചിതമോ ആയി കാണാനാവില്ലെന്നും ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്നതിനു തെളിവുകളില്ല. നിയമപരമായി പ്രവര്‍ത്തിക്കുന്നിടത്ത് കെടുകാര്യസ്ഥത, അഴിമതി തുടങ്ങിയവ ഉണ്ടാവില്ല. സാമ്പത്തിക അച്ചടക്കത്തോടെയാവും സംഘങ്ങള്‍ മുന്നോട്ടു പോവുക. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവുമെന്നും കരുതേണ്ടതില്ല. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ന്യായമായ നിയന്ത്രണവും പരിശോധനയും ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഭേദഗതിയെന്നു വ്യക്തമാക്കിയ കോടതി ഹരജികള്‍ തള്ളുകയായിരുന്നു.

RELATED STORIES

Share it
Top