സഹകരണബാങ്കുകളിലെ അഴിമതി; സിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തിആലപ്പുഴ: ജില്ലയിലെ സഹകരണബാങ്കുകളിലെ അഴിമതി അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അഴിമതിക്കാരായ ഭരണസമിതികളെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് സിപിഐ നേതൃത്വത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസ് മാര്‍ച്ച് നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സഹകരണ മേഖലയില്‍ ജനാധിപത്യ സ്വഭാവം ഇല്ലായ്മ ചെയ്യുന്ന സമീപനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ അഴിമതികള്‍ പരമ്പര പോലെ തുടരുകയാണ്. ജീവനക്കാരും ഭരണസമിതിയും ഒത്തുചേര്‍ന്ന് വന്‍തോതിലുള്ള അഴിമതിയാണ് സഹകരണ ബാങ്കുകളില്‍ നടത്തുന്നത്. ജീവനക്കാര്‍ അഴിമതി കാണിച്ചാല്‍ ജോയിന്റ് രജിസ്ട്രാര്‍ അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സഹകരണ ബാങ്കുകളിലെ അഴിമതിക്ക് ഭരണസമിതിയും ജീവനക്കാരും പരസ്പരം ഒത്താശ ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് സഹകരണ മേഖലയോടുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. അഴിമതി കാണിക്കുന്നവര്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണം. അഴിമതിക്കാരെ സംരക്ഷിക്കാന്‍ സഹകരണ വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി നടന്നതായി കണ്ടെത്തിയ മാവേലിക്കര,ശ്രീകണ്ടമംഗലം,കണിച്ചുകുളങ്ങര,പട്ടണക്കാട്‌സഹകരണ ബാങ്കുകള്‍ കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ളതാണ്. ഇവയുടെ ഭരണ സമിതികള്‍ ഇപ്പോഴും തുടരുന്നത് എല്‍ഡിഎഫ് ഭരണത്തിന് യോജിച്ച നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്‍ സുകുമാരപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി ജ്യോതിസ്, പി വി സത്യനേശന്‍, വി എം ഹരിഹരന്‍, ഡി ഹര്‍ഷകുമാര്‍, എന്‍ എസ് ശിവപ്രസാദ്, എസ് പ്രകാശന്‍, ടി ടി ജിസ്‌മോന്‍, ദീപ്തി അജയകുമാര്‍, ആര്‍ അനില്‍കുമാര്‍ പ്രസംഗിച്ചു.

RELATED STORIES

Share it
Top