സഹകരണം ശക്തമാക്കണം: ഷീ ജിന്‍ പെങ്

ജൊഹാനസ്ബര്‍ഗ്: സ്വതന്ത്ര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പെങ്. വ്യാപാര യുദ്ധമുണ്ടായാല്‍ ആരും വിജയികളാവില്ലെന്നും ജിന്‍ പെങ് ഓര്‍മിപ്പിച്ചു.
ചൈനയോട് വ്യാപാര യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള മറുപടിയായിരുന്നു  ജിന്‍ പെങിന്റെ പ്രസ്താവന. എല്ലാവര്‍ക്കും വളരാന്‍ അവസരമൊരുക്കുന്ന, നൂതന ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന, പരസ്പര സഹകരണം ഉറപ്പാക്കണമെന്ന് ബ്രിക്‌സ് രാജ്യങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു. ഏതെങ്കിലുമൊരു ജനതയുടെ മാത്രം താല്‍പര്യത്തെ സംരക്ഷിക്കുന്നതാവരുത് വ്യാപാര നയങ്ങള്‍. സ്വതന്ത്ര വ്യാപാരത്തിന് സാഹചര്യമൊരുക്കുകവഴി സമഗ്രവികസനം ഉറപ്പാക്കാനാവുമെന്ന് ചൈനീസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
രാജ്യങ്ങളുടെയോ ജനതയുടെയോ വലുപ്പത്തിന്റെ അടിസ്ഥാനത്തിലല്ല, രാജ്യാന്തര നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ റഷ്യയിലേക്ക് ക്ഷണിച്ചതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് തങ്ങള്‍ ഇരുവരും തയ്യാറാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൊഹാനസ് ബര്‍ഗില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

RELATED STORIES

Share it
Top