സവര്‍ണ ബാലികയോട് ചോക്കലേറ്റ് വേണോയെന്ന് ചോദിച്ച 13കാരന് മര്‍ദനം

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ 10 വയസ്സുകാരിയോട് ചോക്കലേറ്റ് വേണോയെന്ന് ചോദിച്ചതിന് 13കാരനെ മര്‍ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. സവര്‍ണവിഭാഗത്തില്‍പ്പെട്ട— പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് എസ്‌സി വിഭാഗത്തില്‍പ്പെട്ട കുട്ടിയെ മര്‍ദിച്ചത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെ കോലാപൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഇനിയും ചിലരെ പിടികൂടാനുണ്ടെന്ന് പോലിസ് വ്യക്തമാക്കി.
ഒരുമാസം മുമ്പാണ് കുട്ടി ചോക്കലേറ്റ് വേണോയെന്ന് പെണ്‍കുട്ടിയോട് ചോദിച്ചത്. പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഒരുസംഘം ബന്ധുക്കളെത്തി ആണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി കുട്ടിയെ വിളിച്ചിറക്കി മര്‍ദിച്ചു. തുടര്‍ന്ന് നഗ്നനാക്കിയ ശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു.
എന്നാല്‍, പോലിസ് ഇടപെട്ട് ശനിയാഴ്ച ചര്‍ച്ച നടത്തി. പോലിസ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്ത് പോലിസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രതികള്‍ക്കെതിരേ പട്ടികജാതി-വര്‍ഗ (അക്രമം തടയല്‍) നിയമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

RELATED STORIES

Share it
Top