സല്‍സ്വഭാവം വിലപ്പെട്ട നന്മ: യൂസുഫ് സ്വലാഹി

ജിദ്ദ: പരലോകത്ത് വിലപ്പെട്ട നന്മയായി രേഖപ്പെടുത്തുന്ന ഒന്നാണ് സല്‍സ്വഭാവമെന്ന് യൂസുഫ് സ്വലാഹി. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ 'മതം സഹവര്‍ത്തിത്വവുമാണ്' എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ ചിന്താഗതികള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളനം ഉയര്‍ത്തിപ്പിടിക്കുന്ന 'മതം; സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന പ്രമേയം വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കിടയില്‍ മാത്രമല്ല മുഴുവന്‍ മനുഷ്യര്‍ക്കിടയിലും വിപ്ലവം തീര്‍ക്കാനുതകുന്നതാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പ്രശ്‌നകലുഷിതമായ അന്തരീക്ഷത്തില്‍ 'മതം മനുഷ്യസൗഹാര്‍ദ്ദത്തിന്' എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ച് അന്ന് നടന്ന മുജാഹിദ് സമ്മേളനം അക്കാലത്ത് മനുഷ്യസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ കേരളത്തില്‍ വലിയ പങ്ക്  വഹിച്ചിരുന്നു. മുജാഹിദുകളുടെ ഐക്യം നാട്ടില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മറ്റൊരാള്‍ക്ക് ഒരു പുഞ്ചിരി നല്‍കുന്നതുപോലും പുണ്യമാണെന്ന് മതം പഠിപ്പിക്കുമ്പോഴും ഇന്ന് മറ്റുള്ളവരെ കാണുമ്പോള്‍ മൊബൈലില്‍ നോക്കിക്കൊണ്ട് വഴിമാറി നടക്കുകയാണ് പലരും ചെയ്യുന്നത്. രോഗികളെ സന്ദര്‍ശിക്കലും പട്ടിണി കിടക്കുന്നവര്‍ക്ക് അന്നം നല്‍കലുമെല്ലാം ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്നതില്‍ ഉള്‍പ്പെടും. ഒരാള്‍ സാമ്പത്തികമായി തകര്‍ന്നാല്‍ അതില്‍ സന്തോഷിക്കാതെ അയാളെ ഉയര്‍ത്തെഴുന്നേല്‍പിക്കലാണ് മുസ്‌ലിം സമുദായത്തിന്റെ ബാധ്യത.

അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും അമീന്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top