സല്‍മാന്റെ ധീരത രക്ഷിച്ചത് രണ്ടു ജീവനുകള്‍

പട്ടാമ്പി: എട്ടാംക്ലാസ് വിദ്യാര്‍ഥി ഞാങ്ങാട്ടിരി പുളിച്ചാരംവീട്ടില്‍ പി എ സല്‍മാനുല്‍ ഫാരിസിന്റെ ധീരത രക്ഷിച്ചത് പുഴയുടെ ആഴങ്ങളില്‍ പൊലിയുമായിരുന്ന രണ്ട് ജീവനുകള്‍. തന്റെ സഹോദരിയും ആറാംക്ലാസ് വിദ്യാര്‍ഥിനിയുമായ സാദിയ, ബന്ധുവായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി അല്‍ഫ ജസിയ എന്നിവരാണ് സല്‍മാന്റെ കൈകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകയറിയത്.
തൃത്താല ഡോ. കെ ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് സല്‍മാനുല്‍ ഫാരിസ്. മേയ് 29ന് ഉച്ചയ്ക്ക് 12 മണിയോടെ നടന്ന സംഭവം മുതിര്‍ന്നവര്‍ വഴക്കുപറയുമെന്ന് പേടിച്ച് കുട്ടികള്‍ രഹസ്യമാക്കിവച്ചിരിക്കയായിരുന്നു. തൃത്താല കണ്ണനൂര്‍ കടവിന് സമീപത്തെ ഭാരതപ്പുഴയില്‍ കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. പുഴയുടെ ആഴംകുറഞ്ഞ ഭാഗത്തെ കളിക്കിടെ സാദിയയും അല്‍ഫജാസിയയും ആഴംകൂടിയ ഭാഗത്ത് മുങ്ങിത്താണു. രണ്ടുപേര്‍ക്കും നീന്തല്‍ വശമില്ലാത്തതിനാല്‍ ഇരുവരും വെള്ളത്തിലേക്ക് താഴ്ന്നുപോയി. ഈസമയം കരയിലുണ്ടായിരുന്ന സല്‍മാന്‍ പുഴയിലേക്കെടുത്തുചാടി സാദിയയെ വലിച്ച് കരയ്ക്കടുപ്പിച്ചു. ഇതിനിടെ അല്‍ഫജസിയ അഴത്തിലേക്ക് മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് പുഴയുടെ അടിഭാഗത്തുനിന്ന് അല്‍ഫയെയും സല്‍മാന്‍ പുറത്തെടുത്ത് കരയിലെത്തിച്ചു.
മിനിറ്റുകള്‍ക്കു ശേഷമാണ് അല്‍ഫ ജസിയയ്ക്ക് ബോധം തിരികെ ലഭിച്ചത്. തൃത്താലപഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ വിദ്യാര്‍ഥിയെ വീട്ടിലെത്തി അഭിനന്ദിച്ചു.

RELATED STORIES

Share it
Top