സലിസ്‌ബെറി ആക്രമണം: അറസ്റ്റിലായത്് റഷ്യന്‍ ബഹുമതി ലഭിച്ചയാള്‍

ലണ്ടന്‍: ബ്രിട്ടനില്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനു നേരെ നടന്ന വിഷ ആക്രമണത്തില്‍ ആരോപിതനായ വ്യക്തി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ കൈകളില്‍ നിന്ന് സൈനിക ആദരവ് ലഭിച്ച ഉദ്യോഗസ്ഥനെന്നു വെളിപ്പെടുത്തല്‍. കഴിഞ്ഞ മാര്‍ച്ചിലാണ് സെര്‍ജി സ്‌ക്രിപാളിനെയും മകള്‍ യൂലിയയെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഇവര്‍ക്കു നേരെ നടന്ന വിഷ ആക്രമണത്തില്‍ പ്രതികളെന്നു കരുതുന്ന രണ്ടു പേരില്‍ ഒരാളായ റുസ്്‌ലാന്‍ ബോഷിറോവ് റഷ്യയിലെ ഇന്റലിജന്‍സ് ഓഫിസറാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ബോഷിറോവിന്റെ യഥാര്‍ഥ പേര് അനറ്റോലി ചെപ്പിഗ എന്നാണെന്നു ന്യൂസ് വെബ്‌സൈറ്റ് ബെല്ലിങ് കാറ്റ് പറയുന്നു.
ചെപ്പിഗ വ്യാജ പാസ്്‌പോര്‍ട്ടിലാണ് ബ്രിട്ടനില്‍ എത്തിയത്. യുക്രെയ്‌നിലും ചെച്‌നിയയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനു 2014ല്‍ ഹീറോ ഓഫ് ദി റഷ്യന്‍ ഫെഡറേഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടെന്നും സൈനിക സേവനത്തിന് 20ഓളം പുരസ്‌കാരങ്ങള്‍ നേടിയതായും പറയുന്നു.
നേരത്തെ, ബോഷിറോവ് സാധാരണ പൗരനാണെന്നു പുടിന്‍ റഷ്യന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബോഷിറോവ് പറഞ്ഞതു സാലിസ്‌ബെറിയില്‍ വിനോദസഞ്ചാരിയായാണ് എത്തിയതെന്നാണ്. അതേസമയം ബോഷിറോവ് ഇന്റലിജന്‍സ് ഓഫിസറാണെന്ന കണ്ടെത്തല്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി.

RELATED STORIES

Share it
Top