സലാഹ് ലിവര്‍പൂള്‍ വിടില്ല; കരാര്‍ പുതുക്കിലണ്ടന്‍: ഈജിപ്ഷ്യന്‍ മുന്നേറ്റതാരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കി. അഞ്ച് വര്‍ഷ കരാറിലാണ് ഇപ്പോള്‍ താരം ലിവര്‍പൂളുമായി ഒപ്പുവെച്ചിരിക്കുന്നത്. ഇന്നലെ ട്വിറ്ററിലൂടെ ലിവര്‍പൂള്‍ ക്ലബ്ബാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വര്‍ഷത്തെ കരാറിലേര്‍പ്പെട്ടെങ്കിലും സലാഹിന്റെ കരാര്‍തുക എത്രയെന്ന് പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷം എഎസ് റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ സലാഹിന്റെ തകര്‍പ്പന്‍ പ്രകടനമാണ് താരവുമായുള്ള കരാര്‍ പുതുക്കാന്‍ ടീം അധികൃതരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 38 മല്‍സരങ്ങളില്‍ നിന്ന് 32 ഗോളുകളെന്ന റെക്കോര്‍ഡോടെ ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു. ക്ലബില്‍ ചേര്‍ന്നത് മുതല്‍ താരം 52 കളികളില്‍ നിന്ന് 44 ഗോളുകളാണ് ലിവര്‍പൂളിന് സമ്മാനിച്ചത്. ഇതോടെ ലിവര്‍പൂളില്‍ ഇയാന്‍ റഷിന്  (47) ശേഷം ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ കണ്ടെത്തുന്ന താരമെന്ന പട്ടികയില്‍ റോജര്‍ ഹണ്ടിനെ (42) മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ടീമിനെ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്.

RELATED STORIES

Share it
Top