സര്‍വേയര്‍ ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

പത്തനംതിട്ട: ജില്ലയിലെ അഞ്ചു താലൂക്ക് സര്‍വേയര്‍ ഓഫീസുകളില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായുള്ള പരിശോധനകളുടെ ഭാഗമായിട്ടായിരുന്നു ഇത്. റാന്നി, കോഴഞ്ചേരി, അടൂര്‍, കോന്നി, തിരുവല്ല എന്നീ സര്‍വേ ഓഫീസുകളില്‍ ഇന്നലെ രാവിലെ 11 ന് ആരംഭിച്ച പരിശോധന വൈകിട്ട് മൂന്നു വരെ നീണ്ടു. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നുണ്ടോയെന്നും, മുന്‍ഗണനാ ക്രമം മറി കടക്കുന്നുണ്ടോയെന്നുമാണ് പ്രധാനമായും പരിശോധിച്ചത്. 2800ല്‍പ്പരം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. താലൂക്ക് സര്‍വേയര്‍മാര്‍ മൂവ്‌മെന്റ് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ഇവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. എന്നാല്‍, ശേഷിച്ച ദിവസങ്ങളില്‍ എവിടെ ആയിരുന്നുവെന്നതിന് ഒരു രേഖയും ഓഫീസുകളില്‍ ലഭ്യമായിരുന്നില്ല. പണവും പദവിയുമുള്ളവരുടെ അപേക്ഷകള്‍ മുന്‍ഗണനാ ക്രമം മറികടന്ന് തീര്‍പ്പു കല്‍പ്പിക്കുന്നുണ്ടെന്നും വിജിലന്‍സിന് ബോധ്യമായി. കെട്ടിക്കിടക്കുന്നതില്‍ ഏറെയും പാവങ്ങളുടെ അപേക്ഷകളാണ്. ഡിവൈഎസ്പി പി ഡി ശശി, ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ ജയരാജ്, മുഹമ്മദ് ഇസ്മയില്‍, ബൈജുകുമാര്‍, ബിജു എന്നിവരാണ് പരിശോധന പങ്കെടുത്തത്.

RELATED STORIES

Share it
Top