സര്‍വീസിനു സന്നദ്ധത അറിയിച്ച് 5 കമ്പനികള്‍

കണ്ണൂര്‍: ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്നു മുതല്‍ വിമാന സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ച് അഞ്ചു വിമാന കമ്പനികള്‍ രംഗത്തെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളാണ് ഉദ്ഘാടന ദിവസം മുതല്‍ തന്നെ കണ്ണൂരില്‍ നിന്ന് ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ നടത്താന്‍ സന്നദ്ധത അറിയിച്ചത്.
ഇന്നലെ വിമാന കമ്പനി പ്രതിനിധികളും കിയാല്‍ അധികൃതരും നടത്തിയ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. മാത്രമല്ല, കരടു സമയവിവരപ്പട്ടിക തയ്യാറാക്കി കിയാല്‍ അധികൃതര്‍ക്കു കൈമാറുകയും ചെയ്തു. വിദേശ വിമാന കമ്പനികളായ ഖത്തര്‍ എയര്‍വെയ്‌സ്, ഒമാന്‍ എയര്‍, ഫ്‌ളൈ ദുബയ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍ എന്നിവയുടെ പ്രതിനിധികളും കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. വിദേശ വിമാന കമ്പനികള്‍ക്ക് നിലവില്‍ അനുമതി ലഭിച്ചിട്ടില്ല. ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നു കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ് അറിയിച്ചു. വിമാന കമ്പനികള്‍ക്കു വേണ്ടി വിവിധ സേവനങ്ങള്‍ നല്‍കുന്ന ഏജന്‍സികളും യോഗത്തില്‍ പങ്കെടുത്തു.
ഉഡാന്‍ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയം തയ്യാറായ സാഹചര്യത്തില്‍ ചെലവ് കുറഞ്ഞ യാത്ര ഉറപ്പുനല്‍കുന്ന ഉഡാന്‍ സര്‍വീസുകളും തുടക്കം മുതല്‍ ഉണ്ടാവും. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തി. ഡിസംബര്‍ 1 മുതല്‍ ഇരുവിഭാഗങ്ങളും പ്രവര്‍ത്തനം തുടങ്ങും. ഈ മാസം 17 മുതല്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല പൂര്‍ണമായും സിഐഎസ്എഫ് ഏറ്റെടുക്കും.

RELATED STORIES

Share it
Top