സര്‍വാധികാര്യക്കാര്‍

ചൈനയിലെ ഭരണാധികാരി ഷി ജിന്‍പെങിനെ വിശേഷിപ്പിക്കാന്‍ പറ്റിയ പദം ഈ പഴയ പൂജക ബഹുവചനം തന്നെ. കാരണം, ഷി ജിന്‍പെങ് പ്രസിഡന്റ് മാത്രമല്ല, നാടു ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും താത്വികാചാര്യനുമാണ്. പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തലവനും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ നിയന്ത്രിക്കുന്ന സമിതിയുടെ തലവനും അദ്ദേഹം തന്നെ. പാര്‍ട്ടിയുടെ സ്ഥാപകനേതാവായ മാവോ സെതൂങിനുശേഷം ഇത്രയേറെ അധികാരങ്ങള്‍ ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് ആദ്യമായാണെന്ന് മാധ്യമങ്ങള്‍ പറയുന്നു.
ഈ സര്‍വാധികാരങ്ങളും ഏറിവന്നാല്‍ പത്തു വര്‍ഷം മാത്രമേ പാടുള്ളൂ എന്ന നിയമം ചൈനയില്‍ നിലനിന്നിരുന്നു. 1990ല്‍ ദെങ് സിയാവോ പിങിന്റെ കാലത്താണ് പ്രസിഡന്റിന്റെ പദവി അഞ്ചു വര്‍ഷം വീതമുള്ള രണ്ടു തവണ മാത്രം എന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.
ഷി ജിന്‍പെങിന്റെ കാര്യത്തില്‍ ആ നിയമവും മാറ്റി. രണ്ടുതവണ മാത്രം അധികാരം എന്ന ഭരണഘടനയിലെ പരാമര്‍ശം നീക്കംചെയ്യാനാണ് തീരുമാനം. 2013ല്‍ അധികാരമേറ്റെടുത്ത ഷി ജിന്‍പെങ് 2023ല്‍ അധികാരമൊഴിയേണ്ടതായിരുന്നു. ഇനി അദ്ദേഹത്തിന് 2023ന് ശേഷവും അധികാരത്തില്‍ തുടരാം. എത്രകാലം എന്നത് ഇപ്പോള്‍ വ്യക്തമല്ല. പാര്‍ട്ടിയില്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്തതിനാല്‍ ഭരണം അഭംഗുരം തുടരും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

RELATED STORIES

Share it
Top