സര്‍വകലാശാലയ്ക്കും പോലിസിനും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ അമിറ്റി കോളജില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് ഇരങ്ങാലക്കുട സ്വദേശി സ്റ്റാന്‍ലി ബെന്നി എന്ന വിദ്യാര്‍ഥി മരിച്ച കേസില്‍ രാസ്ഥാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കോളജ് അധികൃതരെയും പോലിസിനെയും വിളിപ്പിച്ചു. കോളജ് മേധാവി എസ് എസ് ഭാല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ രജ്‌വീര്‍ ചന്ദ്‌വാജി പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അമീര്‍ ഹസന്‍ എന്നിവരോട് കമ്മീഷന്‍ മുമ്പാകെ ഹാജരാവണമെന്ന് ആവശ്യപ്പെട്ട്  അധ്യക്ഷന്‍ ജസ്ബീര്‍ സിങ് നോട്ടീസയച്ചു. ഈ മാസം 29നു മുമ്പ് മരണവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞമാസം 17നാണ് എംബിഎ വിദ്യാര്‍ഥിയായ സ്റ്റാന്‍ലി ബെന്നി (23) മരിച്ചത്. സഹപാഠികളുടെ ക്രൂരമായ മര്‍ദനമേറ്റ് രണ്ടുദിവസം ഹോസ്റ്റലിലും ഒരുദിവസം ആശുപത്രിയിലും കിടന്ന ശേഷമായിരുന്നു മരണം. സ്റ്റാന്‍ലിനു പരിക്കേറ്റ വിവരം കോളജ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി അച്ഛന്‍ സി ആര്‍ ബെന്നി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിക്ക് മതിയായ ചികില്‍സ നല്‍കാന്‍  അധികൃതര്‍ തയ്യാറായില്ലെന്നും ചികില്‍സ ലഭിച്ചിരുന്നുവെങ്കില്‍ മകന്‍ മരിക്കുമായിരുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

RELATED STORIES

Share it
Top