സര്‍വകലാശാലകളും സ്വയംഭരണവുംസര്‍വകലാശാലകള്‍ക്ക് സ്വയംഭരണാധികാരവും സ്വാതന്ത്ര്യവുമുണ്ടെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ വിധിപ്രസ്താവം ഈ വിഷയകമായി നിലനില്‍ക്കുന്ന അവ്യക്തതകള്‍ക്കു താല്‍ക്കാലികമായെങ്കിലും പരിഹാരമാവേണ്ടതാണ്. സര്‍ക്കാരിന്റെ എന്‍ഒസി ഉണ്ടെങ്കിലേ പുതിയ കോഴ്‌സിനും മറ്റുമുള്ള അഫിലിയേഷന്‍ അപേക്ഷ പരിഗണിക്കൂ എന്നു പറയാന്‍ സര്‍വകലാശാലകള്‍ക്ക് അധികാരമില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂരിലെ ഒരു സ്വകാര്യ കലാലയം എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയെ എതിര്‍കക്ഷിയാക്കി നല്‍കിയത് അടക്കം 15 ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഈ വിധിപ്രഖ്യാപനം നടത്തിയിരിക്കുന്നത്. സര്‍വകലാശാലകള്‍ സര്‍ക്കാരിനോട് വിധേയത്വം കാണിക്കുകയും കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവരോട് സര്‍ക്കാരിനെ സമീപിക്കാന്‍ പറയുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് കോടതിയുടെ ചോദ്യം. സര്‍വകലാശാലകള്‍ സര്‍ക്കാരിനു കീഴിലല്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നേരത്തേയുള്ള വിധി സുപ്രിംകോടതി ശരിവച്ചതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലകള്‍ പോലുള്ള വിദ്യാകേന്ദ്രങ്ങള്‍ രാഷ്ട്രീയ ഉപജാപങ്ങളുടെയും കിടമല്‍സരങ്ങളുടെയും വേദികളായി മാറാതിരിക്കാനും അതുവഴി സര്‍വകലാശാലകളുടെ അക്കാദമിക നിലവാരവും വൈജ്ഞാനിക അഭിവൃദ്ധിയും തടസ്സപ്പെടാതിരിക്കാനുമാണ് അവ സ്വയംഭരണ സ്ഥാപനങ്ങളായി നിലനിര്‍ത്തണമെന്നു പറയുന്നത്. ലോകാടിസ്ഥാനത്തില്‍ തന്നെ സര്‍വകലാശാലകള്‍ സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിച്ചുവരുന്നതിന്റെ അടിസ്ഥാനം ഈ അക്കാദമിക സ്വാതന്ത്ര്യം തന്നെയാണ്. എന്നാല്‍, സര്‍വകലാശാലകളുടെ അധിപന്മാരായി വരുന്നവര്‍ മിക്കപ്പോഴും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പിന്‍ബലത്തിലാണ് ആ സ്ഥാനങ്ങളില്‍ അവരോധിതരാകുന്നത് എന്നതിനാല്‍ സ്വന്തം സ്ഥാനത്തിന്റെ അധികാരവും അതു പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യവും യഥോചിതം ഉപയോഗിക്കാന്‍ അറച്ചുനില്‍ക്കുന്നു എന്നു വേണം കരുതാന്‍. സര്‍വകലാശാലകളുടെ സെനറ്റ്, സിന്‍ഡിക്കേറ്റ് തലങ്ങള്‍ ഏറക്കുറേ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതിനാല്‍ സ്വയംഭരണമെന്നത് പ്രായോഗികമായി അസാധ്യമായിത്തീരുന്ന സാഹചര്യമുണ്ടാവുന്നു. എന്തിനും ഏതിനും സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ സര്‍വകലാശാലാ അധികൃതര്‍ ശ്രമിക്കുന്നു. ഭരിക്കുന്ന കക്ഷിയുടെ അപ്രീതി ഭയന്നുകൊണ്ടല്ലാതെ തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും കഴിയാത്ത വിഷമവൃത്തത്തില്‍ അകപ്പെടുന്ന സര്‍വകലാശാലകള്‍ സ്വയംഭരണഘടനയെത്തന്നെ അപ്രസക്തമാക്കുന്നവിധം ഭരണകൂടങ്ങളോട് വിധേയപ്പെടുന്ന പ്രവണത സമീപകാലത്ത് ശക്തിപ്പെട്ടിട്ടുണ്ട്. ജെഎന്‍യു അടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ സമീപകാലത്ത് ഉണ്ടായ സംഭവങ്ങള്‍ അതിന്റെ സൂചനകളായിരുന്നു. കേരള ഹൈക്കോടതി ഈ വിധിയിലൂടെ സര്‍വകലാശാലകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് അവയുടെ ഭരണകര്‍ത്താക്കളെത്തന്നെ ഓര്‍മിപ്പിക്കുകയാണ് ചെയ്യുന്നത്.

RELATED STORIES

Share it
Top