സര്‍വകലാശാലകളിലെ അധ്യാപക നിയമനം നിര്‍ത്തിവയ്ക്കണം: യുജിസി

തിരുവനന്തപുരം: സംവരണം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതിയില്‍ നിയമനടപടികള്‍ നടക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സര്‍വകലാശാലകളിലെ അധ്യാപക നിയമനം നിര്‍ത്തിവയ്ക്കാന്‍ യുജിസി രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കി.
സര്‍വകലാശാലകള്‍ അധ്യാപക തസ്തികകളില്‍ നിയമനനടപടികള്‍ തുടങ്ങിയതും നിര്‍ത്തിവയ്ക്കണമെന്ന് നോട്ടീസില്‍ പറയുന്നു. കല്‍പ്പിത സര്‍വകലാശാല, യുജിസിയുടെ അന്തര്‍ സര്‍വകലാശാല കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ യുജിസി ഗ്രാന്റുകള്‍ വാങ്ങുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും 19നാണ് യുജിസി നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിനോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ കത്തും ചേര്‍ത്തിട്ടുണ്ട്. 18നാണ് നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പ് യുജിസി—ക്ക് ഇതുസംബന്ധിച്ച് കത്തുനല്‍കിയത്. സംവരണം സംബന്ധിച്ച 2017 ഏപ്രില്‍ ഏഴിലെ അലഹബാദ് ഹൈക്കോടതി വിധിയില്‍ ഇളവ് ആവശ്യപ്പെട്ട് യുജിസിയും കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഒരു ഡിപ്പാര്‍ട്ട്‌മെന്റ് (വിഷയം) അടിസ്ഥാനമാക്കിയാണോ സര്‍വകലാശാല ഒരു യൂനിറ്റായി കണക്കാക്കിയാണോ സംവരണം കണക്കാക്കേണ്ടതെന്നാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
വകുപ്പ് അടിസ്ഥാനമാക്കിത്തന്നെ സംവരണം കണക്കാക്കണമെന്നാണ് അലഹബാദ് ഹൈക്കോടതിയില്‍ വിധി പുറപ്പെടുവിച്ചത്. പിന്നീട് സുപ്രിംകോടതിയും ഈ വിധി ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വകുപ്പ് അടിസ്ഥാനമാക്കി സംവരണം പാലിച്ച് നിയമനം നടത്താന്‍ യുജിസി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി.
പിന്നീട് വകുപ്പ് അടിസ്ഥാനത്തില്‍ സംവരണം കണക്കാക്കിയാല്‍ സംവരണവിഭാഗങ്ങള്‍ക്ക് നഷ്ടമുണ്ടാവുമെന്ന എംപിമാരുടെ പരാതിയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് നിയമനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യുജിസി—ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തു നല്‍കിയതും പിന്നീട് യുജിസി നിര്‍ദേശം നല്‍കുകയും ചെയ്തത്. കേസ് സുപ്രിംകോടതി ആഗസ്തില്‍ പരിഗണിക്കാനിരിക്കുകയാണ്. യുജിസി നിര്‍ദേശത്തെത്തുടര്‍ന്നു സംസ്ഥാനത്തെ സര്‍വകലാശാലയിലുള്‍പ്പെടെ നൂറുകണക്കിന് അധ്യാപക നിയമനങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

RELATED STORIES

Share it
Top