സര്‍ഫാസി നിയമത്തിനെതിരേ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

മാനന്തവാടി: കര്‍ഷക കോണ്‍ഗ്രസ് ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി സിന്‍ഡിക്കേറ്റ് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സര്‍ഫാസികരിനിയമം പിന്‍വലിക്കുക, ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കുക, കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും പിന്‍വലിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക. കാലവര്‍ഷക്കെടുതി മൂലം കൃഷി നശിച്ച് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വയനാട്ടില്‍ പ്രളയം മൂലം തകര്‍ന്ന കര്‍ഷകരെ സര്‍ഫാസി നിയമത്തിലൂടെ നോട്ടീസ് നല്കി ഭൂമി പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ മുന്നോട്ടു വന്നാല്‍ ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ല. മനന്തവാടി സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നു മാത്രം നാലു കര്‍ഷകര്‍ക്കാണ് സര്‍ഫാസികരിനിയമപ്രകാരം നോട്ടീസ് അയച്ചിരിക്കുന്നത്.
ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ 9000 കര്‍ഷകര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ കര്‍ഷകസമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് പി എം ബെന്നി അധ്യക്ഷത വഹിച്ചു. കമ്മനമോഹന്‍, പി വി ജോര്‍ജ്, എക്കണ്ടി മൊയ്തുട്ടി, ഡെന്നിസണ്‍ കണിയാരം സംസാരിച്ചു.

RELATED STORIES

Share it
Top