സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ : എറണാകുളത്തും കോഴിക്കോട്ടും സൗകര്യം ഒരുക്കുംതിരുവനന്തപുരം: ജനന, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ അക്കാദമികേതര സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്കാ റൂട്ട്‌സിന് കീഴിലുള്ള എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഓതന്റിഫിക്കേഷന്‍ സെന്ററുകളില്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ടി വി ഇബ്രാഹിമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവില്‍ അക്കാദമികേതര സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള ഹോം അറ്റസ്‌റ്റേഷന്‍ ഓഫിസര്‍മാരാണ്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ കേരളത്തിലെമ്പാടുമുള്ള അപേക്ഷകര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ എത്തിച്ചേരേണ്ട അവസ്ഥയാണുള്ളത്. ഇത് പലപ്പോഴും ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അക്കാദമികേതര സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് സെക്രട്ടേറിയറ്റിലെ നിലവിലുള്ള ഹോം അറ്റസ്‌റ്റേഷന്‍ വകുപ്പിലെ സംവിധാനം നിലനിര്‍ത്തിക്കൊണ്ടു നോര്‍ക്കാ റൂട്ട്‌സിന് കീഴിലുള്ള എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഓതന്റിഫിക്കേഷന്‍ സെന്ററുകളിലെ ഹോം അറ്റസ്‌റ്റേഷന്‍ ഓഫിസര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി അപേക്ഷകര്‍ക്ക് ഉണ്ടാവുന്ന അധിക ചെലവവും സമയനഷ്ടവും ബുദ്ധിമുട്ടും ഒഴിവാക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top