സര്‍ട്ടിഫിക്കറ്റുകള്‍ ഒരു മാസത്തിനകം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം:മൂന്നാര്‍ മൗണ്ട് റോയല്‍ കോളജില്‍ 2016-19 ബാച്ചില്‍ ബിഎസ്‌സി കാറ്ററിങ് ടെക്‌നോളജിയില്‍ പ്രവേശനം നേടിയ ശേഷം പഠനം ഉപേക്ഷിച്ച വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കേറ്റുകള്‍ ഒരു മാസത്തിനകം തിരികെ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.സര്‍ട്ടിഫിക്കേറ്റുകള്‍ തടഞ്ഞുവയ്ക്കുന്നത് വഴിയുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് കോളജ് അധികൃതര്‍ ഉത്തരവാദിയായിരിക്കുമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.  ദീര്‍ഘ കാലത്തെ കഠിന പ്രയത്‌നത്താല്‍ ഒരു വിദ്യാര്‍ഥി കരസ്ഥമാക്കുന്ന സര്‍ട്ടിഫിക്കേറ്റുകള്‍ തടഞ്ഞുവയ്ക്കുന്നത് മനുഷ്യാവാകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.സര്‍ട്ടിഫിക്കേറ്റ് തടഞ്ഞുവയ്ക്കാന്‍ കോളജുകള്‍ക്ക് നിയമപരമായി അധികാരമില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല ഇക്കാര്യത്തില്‍ കോളജ് അധികൃതര്‍ക്ക് മതിയായ നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു.കൊല്ലം സ്വദേശി വിജയകുമാര്‍. ജി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.  പ്രവേശന സമയത്ത് സര്‍വകലാശാലാ അഫിലിയേഷന്‍ ഇല്ലാത്ത മൂന്നാര്‍ കാറ്ററിങ് കോളജിന്റെ പേരിലും വിവിധ ഫീസുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍വകലാശാല കമ്മീഷനെ അറിയിച്ചു.  ഇക്കാര്യത്തില്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണം ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നീതിപീഠത്തിന്റെയും നിയമപാലകരുടെയും അധികാരം കോളജ് മാനേജ്‌മെന്റ് സ്വയം കയ്യാളുന്നത് ഉചിതമല്ലെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു.  അഫിലിയേഷന്‍ ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ഫീസ് ഈടാക്കിയ നടപടി അനേ്വഷിച്ച് സര്‍വകലാശാല തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top