സര്‍ജിക്കല്‍ മാസ്‌ക്‌

സര്‍ജിക്കല്‍ മാസ്‌ക്് ഇപ്പോള്‍ വളരെ പ്രചുരപ്രചാരം നേടിയിരിക്കുന്നു. നഗരങ്ങളില്‍ ഇത്തരം മുഖംമൂടി ധരിച്ച് മാത്രമേ യാത്ര ചെയ്യാനാവൂ എന്ന നിലയായിട്ടുണ്ട്. അത്രയേറെയാണ് അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍.
എന്നാല്‍, ഇത്തരം മാസ്‌കുകള്‍കൊണ്ട് വാസ്തവത്തില്‍ എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന കാര്യം ആരും അത്ര ഗൗരവമായി പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ ആസ്‌ത്രേലിയയിലും മറ്റും നടത്തിയ ഗവേഷണങ്ങളില്‍ കാണുന്നത് രോഗികള്‍ മാസ്‌ക് ധരിച്ചാല്‍ അതു ചുറ്റുമുള്ളവര്‍ക്ക് നല്ലതാണെന്നാണ്. പനിയും മറ്റും ഉള്ളവരാണെങ്കില്‍ രോഗാണുക്കള്‍ പ്രസരിക്കുന്നതു തടയാന്‍ അതു സഹായിക്കും. രോഗമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ പരിധിവരെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മാസ്‌ക് സഹായിക്കും എന്നാണു കണ്ടെത്തല്‍. മാസ്‌ക് ഉപയോഗിക്കുന്നില്ലെങ്കില്‍ കൂടെ കഴിയുന്നവര്‍ രോഗിയില്‍ നിന്ന് ആറടി അകലം പാലിക്കുന്നതു നല്ലതാണ്.
പൊതുവില്‍ മാസ്‌കും ധരിച്ചു നടക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നതിനു പഠനം കൃത്യമായി ഉത്തരം നല്‍കുന്നില്ല. അന്തരീക്ഷത്തിലെ സൂക്ഷ്മകണികകള്‍ തടഞ്ഞുനിര്‍ത്താന്‍ മിക്ക മാസ്‌കുകള്‍ക്കും ശേഷിയില്ല. അതിനാല്‍ അന്തരീക്ഷം മലിനീകരിക്കുന്നത് ഒഴിവാക്കുകയാണു കൂടുതല്‍ ഫലപ്രദമായ കാര്യം. പക്ഷേ, അത് വന്‍കിട കമ്പനികളുടെ ലാഭത്തെ ബാധിക്കുന്ന കാര്യമായതിനാല്‍ നടക്കാന്‍ പ്രയാസമാവും.

RELATED STORIES

Share it
Top