സര്‍ഗോല്‍സവം: അംബേദ്കര്‍ മുന്നില്‍

കാഞ്ഞങ്ങാട്: പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഞ്ചാമത് സര്‍ഗോല്‍സവത്തില്‍ 15 ഇനങ്ങള്‍ അവസാനിച്ചപ്പോള്‍ ഡോ. അംബേദ്കര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ എച്ച്എസ്എസ് കട്ടില 97 പോയിന്റുമായി ഒന്നാംസ്ഥാനത്തും ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ എച്ച്എസ്എസ് പരവനടുക്കം 94 പോയിന്റുമായി രണ്ടാംസ്ഥാനത്തും 64 പോയിന്റുമായി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ എച്ച്എസ്എസ് ചാലക്കുടി മൂന്നാംസ്ഥാനത്തുമാണ്.സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കഴിഞ്ഞ രണ്ടു ദിവസമായി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മല്‍സരത്തില്‍ സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി 1200 വിദ്യാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്. പരിശീലനക്കുറവ് മേളയുടെ നിലവാരത്തകര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്. 50 ലക്ഷം രൂപ ചെലവില്‍ സംസ്ഥാന മല്‍സരത്തില്‍ യാതൊരു സ്‌ക്രീനിങ്ങുമില്ലാതെയാണ് വിദ്യാര്‍ഥികള്‍ പങ്കെടുക്കാനെത്തിയത്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കു പ്രാധാന്യം നല്‍കാതെ പരിപാടി ഉദ്യോഗസ്ഥ മേളയാക്കിയതിനാല്‍ ജനപങ്കാളിത്തം കുറവായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കലാവാസനയെ പ്രോല്‍സാഹിപ്പിക്കാനായി നടത്തുന്ന മല്‍സരത്തില്‍ പല ആദിവാസി കലകളെയും തഴഞ്ഞതായും പരാതിയുണ്ട്. ആദിവാസി നൃത്തത്തില്‍ പങ്കെടുത്ത എല്ലാ ടീമിനും എ ഗ്രേഡാണ് ലഭിച്ചത്.

RELATED STORIES

Share it
Top