സര്‍ഗാലയ കരകൗശല മേളയിലേക്ക് വന്‍ ജനപ്രവാഹം; ഇനി രണ്ടുനാള്‍

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയയിലെ അന്താരാഷ്ട്ര കലാകാരകൗശല മേള അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ മേളയിലേക്ക് വന്‍ജനപ്രവാഹം. കലാകാരന്മാരുടെ നിര്‍മ്മാണ വൈദഗ്ധ്യം നേരിട്ടറിയാനുള്ള അവസരമാണ് മേളയില്‍ ഒരുക്കുന്നത്. ഡിസംബര്‍ 21നാണ് ഏഴാമത് അന്താരാഷ്ട്ര കലാ കരകൗശല മേള ആരംഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം മേളയുടെ ആകര്‍ഷണമാണ്. ഡിസംബര്‍ 21 മുതല്‍ 14 ദിവസത്തിനിടെ 124000 പേര്‍ മേള കാണാനായി എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 185000 പേര്‍ മേള സന്ദര്‍ശിച്ചിരുന്നു. നേപ്പാളില്‍ നിന്നെത്തിയ പേപ്പര്‍ നിര്‍മ്മിതമായ കര-കൗശല വസ്തുക്കള്‍, വിവിധ തരം മരത്തടയില്‍ തീര്‍ത്ത കരകൗശല വസ്തുക്കള്‍, കുഷ്യനുകള്‍, ബാഗുകള്‍ എന്നിവ മേളയില്‍ ലഭ്യമാണ്. ശ്രീലങ്കയില്‍ നിന്ന് പനയോല കൊണ്ടുള്ള വസ്തുക്കള്‍, ഉഗാണ്ടയില്‍ നിന്നുള്ള ബാഗുകള്‍, ഹെയര്‍ ബാര്‍ഡുകള്‍, മറ്റ് ആകര്‍ഷണീയമായ കരകൗശല സാമഗ്രികള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളില്‍ നിന്നായി ദേശീയ അന്തര്‍ദേശീയ പുരസ്‌കാര ജേതാക്കളായ 400 ഓളം കരകൗശല വിദഗ്ധരും സര്‍ഗാലയിലെ 100 ഓളം സ്ഥിരം കരകൗശല വിദഗ്ധരുമുള്‍പ്പെടെ 500 ലേറെ കലാകാരന്മാരുടെ വ്യത്യസ്ത കലാസൃഷ്ടികളാണ് മേളയിലുള്ളത്. കേരള കരകൗശല പൈതൃക ഗ്രാമത്തിന്റേയും കളരി ഗ്രാമത്തിന്റേയും കേരള കൈത്തറി പൈതൃക ഗ്രാമത്തിന്റേയും സ്റ്റാളുകളും ജനശ്രദ്ധയാകര്‍ഷിക്കുന്നു. ദേശീയ പുരസ്‌ക്കാര ജേതാവായ അയ്യപ്പന്‍ പുല്‍പ്പായ നെയ്യുന്നത് നേരിട്ട് കാണാനും അവസരമുണ്ട്.  മേളയുടെ ഭാഗമായി വിവിധ കലാപരിപാടികളും സര്‍ഗാലയില്‍ അരങ്ങേറുന്നു. ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്ന ആറന്മുള ഗ്രാമം, മൃദംഗം, മദ്ദളം എന്നിവ നിര്‍മ്മിക്കുന്ന പെരുവമ്പ്രഗ്രാമം, കഥകളി കലാരൂപങ്ങളുടെ ചമയങ്ങള്‍ നിര്‍മ്മിക്കുന്ന വെള്ളിനേഴി ഗ്രാമം എന്നിവയുടെ സ്റ്റാളുകള്‍ കാഴ്ച്ചക്കാര്‍ക്ക് പുതിയലോകമാണ് തുറക്കുന്നത്. മേളയുടെ ഭാഗമായി കടത്തനാടിന്റെ കളരി പൈതൃകം വിളിച്ചോതുന്ന കളരിഗ്രാമവും ഉണ്ട്. കളരി ചികിത്സ നടത്തുന്ന സംവിധാനങ്ങളും എണ്ണകളും പച്ചമരുന്നുകളും മേളയിലുണ്ട്. കേരളത്തിന്റെ കൈത്തറി പൈതൃകങ്ങളായ ബാലരാമപുരം സാരി, കൂത്താമ്പുള്ളി സാരി, ചേന്ദമംഗലം ദോത്തി, പാലക്കാട് സെറ്റ്മുണ്ട്, കണ്ണൂര്‍ ഫര്‍ണീഷിംഗ്‌സ്, കാസര്‍കോഡ് സാരികള്‍ എന്നിവയ്ക്കായി  പ്രത്യേക പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. 90 രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള മരത്തില്‍ തീര്‍ത്ത ആനയുടെ ശില്‍പങ്ങളും മേളയുടെ ആകര്‍ഷണമാണ്. മഞ്ചാടിക്കുരു, കുന്നിക്കുരു, സോപ്പ് കായ, നെല്ല് തുടങ്ങിയവകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളും വ്യത്യസ്തതയാര്‍ന്നതാണ്. എല്ലാ പ്രായക്കാരിലും അത്ഭുതമുണര്‍ത്തുന്ന വസ്തുക്കളാണ് മേളയിലുള്ളത്. ചകിരിനാര്‌കൊണ്ട് നിര്‍മ്മിച്ച കമ്മലുകളും മാലയും അത്യപൂര്‍വ്വമാണ്. ടെറാക്കോട്ടയില്‍ നിര്‍മ്മിച്ച സിംഹം, ഞണ്ട്, ചെമ്മീന്‍ എന്നിവയും നയനാന്ദകരമാണ്. മുള, കൈതോല, ചിരട്ട എന്നിവയില്‍ നിര്‍മ്മിച്ച വിവിധ വസ്തുക്കളും ലൈറ്റുകളും ഏറെ ഭംഗിയുള്ളതാണ്. മിതമായ വിലയ്ക്ക് കരകൗശല വസ്തുക്കള്‍ ലഭ്യമാകുന്നത് മേളയെ ജനപ്രിയമാക്കുന്നു. മേള മറ്റന്നാള്‍ സമാപിക്കും.

RELATED STORIES

Share it
Top