സര്‍ക്കുലറില്‍ അവ്യക്തത: യോഗാധ്യാപകര്‍ക്ക് അവഗണനയെന്ന്

കണ്ണൂര്‍: യോഗശാസ്ത്രത്തില്‍ അംഗീകൃത യോഗ്യതയുള്ള അധ്യാപകരോട് അധികൃതര്‍ക്ക് അവഗണനയെന്ന് ആക്ഷേപം. യോഗാധ്യാപകരുടെ ഒഴിവിലേക്ക് അടിസ്ഥാന യോഗ്യത പോലും നിഷ്‌കര്‍ഷിക്കാത്ത സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള യോഗ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കേരള യോഗ ടീച്ചേഴ്‌സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ് ബിരുദമോ, തത്തുല്യമായ മറ്റ് ബിരുദമുള്ളവരെയോ യോഗാ അസോസിയേഷനും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലും അംഗീകരിച്ച യോഗ്യത ഉള്ളവരെയോ യോഗ പരിശീലകരായി നിശ്ചയിക്കാമെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
ഇതോടെ യോഗാധ്യാപകരുടെ ഒഴിവിലേക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ അംഗീകൃത സര്‍വകലാശാലകളും സ്ഥാപനങ്ങളും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി ചെല്ലുന്നവരേക്കാള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ യോഗ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിച്ച യോഗശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളായ അനാട്ടമി, ഫിസിയോളജി, ആയുര്‍വേദം, നാചുറോപതി ചികില്‍സാരീതികളെ സമന്വയിപ്പിച്ച പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ നിരവധി ഉദ്യോഗാര്‍ഥികളുണ്ട്. ഇതിനു പുറമെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴില്‍ ഗുരുവായൂരപ്പന്‍ കോളജില്‍ എംഎസ്‌സി യോഗാതെറാപിയും കേരള സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയില്‍ യോഗയില്‍ പിജി ഡിപ്ലോമ കോഴ്‌സുകളും നടന്നുവരുന്നുണ്ട്. ഇത്തരം കോഴ്‌സുകള്‍ നിലനില്‍ക്കെയാണ് അടിസ്ഥാന യോഗ്യത പോലും പരിഗണിക്കാതെ ചിലര്‍ നടത്തുന്ന ഹ്രസ്വകാല കോഴ്‌സ്‌കുകള്‍ നല്‍കുന്ന സ്‌പോര്‍ട്‌സ് യോഗ സര്‍ട്ടിഫിക്കറ്റിന് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്.
അവ്യക്തമായ സര്‍ക്കുലര്‍ കാരണം വിവിധ വകുപ്പ് മേലധികാരികള്‍ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ തീരുമാനമെടുക്കാനാവാതെ മികച്ച യോഗ്യതയുള്ളവരെ പോലും തഴയേണ്ടിവരികയാണ്.പകരം യോഗയുമായി ബന്ധമില്ലാത്തവരെയാണ് പലയിടത്തും നിയമിക്കുന്നത്.
ഇത്തരം നീക്കങ്ങള്‍ യോഗശാസ്ത്രത്തെ കുറിച്ച് വികലമായ കാഴ്ചപ്പാടുണ്ടാക്കാനും അനാരോഗ്യത്തിലേക്ക് നയിക്കാനും കാരണമാവും. അതിനാല്‍ സര്‍ക്കുലറില്‍ മാറ്റംവരുത്തി എല്ലാവര്‍ക്കും നീതി ലഭിക്കുന്ന രീതിയില്‍ വ്യക്തമായ മാനദണ്ഡങ്ങോടെ സര്‍ക്കുലര്‍ പ്രസിദ്ധീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ യൂനിയന്റെ നേതൃത്വത്തില്‍ യോഗാധ്യാപകര്‍ സമരത്തിനിറങ്ങുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ടി വി പത്മനാഭന്‍, ടി പി അശോക് കുമാര്‍, ഷാജി കരിപ്പത്ത്, പി കെ ഗോവിന്ദന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top