സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല

കൊച്ചി: സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നു ഹൈക്കോടതി. കാസര്‍കോട് ഹോസ്ദുര്‍ഗിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തു വൃദ്ധസദനം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ടാണു കോടതിയുടെ ഉത്തരവ്. രണ്ടേക്കര്‍ വരുന്ന മൈതാനത്തു വൃദ്ധസദനം നിര്‍മിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയതിനെതിരേ തദ്ദേശവാസിയായ ഡോ. ടി വി പത്മനാഭന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണു കോടതി പരിഗണിച്ചത്. സ്‌കൂള്‍ മൈതാനം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വിദ്യാഭ്യാസ നിയമം അനുവദിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.
1980ല്‍ സര്‍ക്കാര്‍ അനുവദിച്ച മൈതാനത്ത് 30 ലക്ഷം രൂപ ചെലവിട്ട് വൃദ്ധസദനം നിര്‍മിക്കാന്‍ 2016ലാണു നഗരസഭ തീരുമാനിച്ചത്. 2017 ഏപ്രിലില്‍ കെട്ടിട നിര്‍മാണം തുടങ്ങുമ്പോള്‍ ഹരജിക്കാരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആര്‍ഡിഒ നിര്‍മാണം വിലക്കി.  ഇതിനിടെ കുട്ടികള്‍ക്കു കൂടി പ്രയോജനകരമായ രീതിയില്‍ കെട്ടിടം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കി നഗരസഭ സര്‍ക്കാരില്‍ നിന്ന് അനുമതി നേടുകയായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ നിയമത്തിലെ അഞ്ച് ബി പ്രകാരം സര്‍ക്കാര്‍ സ്‌കൂളിന്റെ സ്വത്ത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top