സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍: അന്തിമ തിയ്യതി മാര്‍ച്ച് 31ലേക്ക് നീട്ടി

ന്യൂഡല്‍ഹി: സര്‍ക്കാരുകളുടെ വിവിധ സേവനങ്ങളുടെയും പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് 31 വരെ നീട്ടി സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അടക്കമുള്ളവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും. നേരത്തേ, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഫെബ്രുവരി ആറായിരുന്നു. കേന്ദ്ര  പദ്ധതികള്‍ക്കും സംസ്ഥാന പദ്ധതികള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. വിവിധ സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് 31 വരെ നീട്ടി കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള 2016ലെ ആധാര്‍ നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം 139 സര്‍ക്കാര്‍ സേവനങ്ങളും സബ്‌സിഡികളും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്ന കാലാവധി ഈ മാസം 31 ആയിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളിന്‍മേലാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് ജനുവരി 17ന് ആരംഭിക്കും. പാചകവാതകത്തിനടക്കം ആറു സേവനങ്ങള്‍ക്ക് മാത്രമായിരുന്നു ആദ്യം ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നത്.

RELATED STORIES

Share it
Top