സര്‍ക്കാര്‍ വാര്‍ഷികാഘോഷം: ജില്ലാതല ഉദ്ഘാടനം നാളെ കാ

സര്‍കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല ആഘോഷ പരിപാടികള്‍ക്ക് നാളെ കാഞ്ഞങ്ങാട്ട് തുടക്കമാകും. വൈകിട്ട് നാലിന് പഴയ കൈലാസ് തിയേറ്റര്‍ പരിസരത്ത് നിന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഇതരസ്ഥാപനങ്ങള്‍ എന്നിവ ഒരുക്കുന്ന ആകര്‍ഷകമായ ഫ്‌ളോട്ടുകളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര സമ്മേളനനഗരിയിലേയ്ക്ക് പുറപ്പെടും. 5.30ന് അലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ നടക്കുന്ന ചടങ്ങ് ജലവിഭവമന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും.
ഉദ്ഘാടനചടങ്ങില്‍ വിവിധ ആനുകൂല്യങ്ങളുടെ വിതരണവും പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, എഡിഎം എന്‍ ദേവിദാസ് എന്നിവരും സംബന്ധിച്ചു. നാളെ മുതല്‍ 25 വരെ അലാമിപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെ നൂറോളം സ്റ്റാളുകളുമായി കാസര്‍കോട് പെരുമ എന്ന പേരില്‍ വൈവിധ്യമാര്‍ന്ന ഉല്‍പന്നപ്രദര്‍ശന വിപനമേള സംഘടിപ്പിക്കും. പിആര്‍ഡി, ഐടി, അക്ഷയ, ടൂറിസം, കുടുംബശ്രീ, ഫിഷറീസ്, വിദ്യാഭ്യാസം, റവന്യു, അനര്‍ട്ട്, ചൈല്‍ഡ് വെല്‍ഫയര്‍, പഞ്ചായത്ത് വകുപ്പ്, കാര്‍ഷികം, ബിഎസ്എന്‍എല്‍, പോലിസ്, എക്‌സൈസ് വിഭാഗം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ഹരിതകേരളം, ആര്‍ദ്രം, ലൈഫ് തുടങ്ങിയ സ്റ്റാളുകളിലൂടെ സര്‍ക്കാര്‍ സംബന്ധമായ എന്തു കാര്യങ്ങള്‍ക്കും മറുപടി ലഭിക്കും.
ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍, തിരുത്തല്‍ തുടങ്ങിയ സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. കുടുംബശ്രീയും മില്‍മയും ഒരുക്കുന്ന വ്യത്യസ്ത രുചിക്കൂട്ടുകളുടെ ഫുഡ്‌കോര്‍ട്ടുകളും മേള നഗരിയില്‍ ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം.വൈകിട്ട് 6.30 മുതല്‍ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
നാളെ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ പഴയകാല നാടകഗാനങ്ങളുടെ അവതരണം പാട്ടോര്‍മ. 20ന് ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കലാമേള, ഭാരത് ഭവന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍-ഉത്തരേന്ത്യന്‍ കലാമേള, ഹോമിയോവകുപ്പിന്റെ നാടകം, കുടുംബശ്രീയുടെ വിവിധ കലാപരിപാടികള്‍. 21ന് പൂരക്കളി അക്കാദമിയുടെ പൂരക്കളി, മറത്തുകളി. നെഹ്‌റു യുവകേന്ദ്ര കലാസംഘങ്ങളുടെ അലാമിക്കളി, മംഗലംകളി, നാടന്‍കലാമേള. 22ന് തുളു അക്കാദമിയുടെ യക്ഷഗാനം, 23ന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ഇശല്‍രാവ്, 24ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി. 25ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകംകരുണ എന്നിവയും ഉണ്ടാകും.
20 മുതല്‍ 23 വരെ വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട്ട് കാസര്‍കോടിന്റെ സാംസ്‌കാരികവൈവിധ്യം, മാലിന്യസംസ്‌കരണവും ആരോഗ്യസംരക്ഷണവും, കുടുംബശ്രീയും തൊഴില്‍ സംരഭങ്ങളും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 24ന് കാസര്‍കോട്ടു നടക്കുന്ന പ്രത്യേക വികസന സെമിനാറില്‍ വ്യവസായമന്ത്രി എ സി മൊയ്തീന്‍ സംബന്ധിക്കും.
25, 26 തിയ്യതികളില്‍ ചെറുവത്തൂര്‍ കാരിയിലും ചലച്ചിത്ര അക്കാദമിയുടെ സിനിമാപ്രദര്‍ശനം സംഘടിപ്പിക്കും. പട്ടയമേള 31, 1 തിയ്യതികളിലായി നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 31ന് വൈകിട്ട് വെള്ളരിക്കുണ്ടിലും ഒന്നിന് രാവിലെ മഞ്ചേശ്വരത്തുമായി നടക്കുന്ന പരിപാടിയില്‍ ആയിരത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top