സര്‍ക്കാര്‍ രൂപീകരണത്തിന് ചരടുവലി തുടങ്ങി

ഷില്ലോങ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യും ചരടുവലി തുടങ്ങി.  മേഘാലയയില്‍ കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രന്‍മാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. സര്‍ക്കാര്‍ രൂപീകരണ സാധ്യത ആരായാന്‍ കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കമല്‍നാഥും തലസ്ഥാനമായ ഷില്ലോങ്ങിലെത്തിയിട്ടുണ്ട്.
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പല തന്ത്രങ്ങളിലൂടെ അവിടങ്ങളില്‍ അധികാരത്തില്‍ വന്നത് ബിജെപിയാണ്. മേഘാലയയില്‍ അതിന്റെ ആവര്‍ത്തനം തടയാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. ഗോവയിലും മണിപ്പൂരിലും ഉദാസീനതകൊണ്ടാണ് കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ പോയത്.  മേഘാലയ ഇപ്പോള്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. സ്വതന്ത്രരെ ചേര്‍ത്ത് മന്ത്രിസഭ രൂപീകരിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്.
അതേസമയം മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നാണ് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) കണക്കുകൂട്ടുന്നത്. സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുടെ സഹകരണത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് എന്‍പിപിയുടെ ശ്രമം. പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാംഗ്മ ഇതു സംബന്ധിച്ച ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ജനങ്ങള്‍ക്കു മടുത്തുവെന്നും അവര്‍ ബദല്‍ മാര്‍ഗം ആരായുകയാണെന്നും സാംഗ്മ പറഞ്ഞു.
എന്നാല്‍ ഗോവ, മണിപ്പൂര്‍ മാതൃക ആവര്‍ത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ചെറു കക്ഷികളുമായും സ്വതന്ത്രരുമായും ചര്‍ച്ച നടത്താന്‍ അസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മയെ ഇതിനായി പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top