സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: പുതുവല്‍സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.  ആഘോഷം സംഘടിപ്പിക്കുന്നവരും സംഘാടകരും കെട്ടിട ഉടമകളും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.  മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ 29ന് ആഘോഷങ്ങള്‍ക്കിടെയുണ്ടായ അഗ്‌നിബാധയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആഘോഷ സ്ഥലങ്ങളിലേയും കെട്ടിടങ്ങളിലെയും ഇലക്ട്രിക്കല്‍ വയറിങും ഉപകരണങ്ങളും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തണം. അഗ്‌നി സുരക്ഷാ സംബന്ധമായ എല്ലാ ഉപകരണങ്ങളും പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. കെട്ടിടത്തിനുമുകളിലും മൈതാനത്തിലുമുള്ള ഫയര്‍ വാട്ടര്‍ ടാങ്കുകള്‍ നിറച്ചിരിക്കണം.  ആവശ്യമായ സാഹചര്യങ്ങളില്‍ പുറത്തുനിന്നും വെള്ളമെടുക്കുന്നതിന് സൗകര്യം ഒരുക്കിയിരിക്കണം. ഫയര്‍ എസ്‌കേപ് സ്‌റ്റെയര്‍ കേസുകള്‍ / എമര്‍ജന്‍സി സ്‌റ്റെയര്‍ കേസുകള്‍/എക്‌സിറ്റുകള്‍ എന്നിവ തടസ്സമില്ലാതെ സജ്ജീകരിച്ചിരിക്കണം.  എല്‍പിജി സീരിയല്‍ കണക്ഷന്‍ ഉപയോഗിക്കുന്ന ആഘോഷ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും  ആവശ്യമായ ക ണ്‍ട്രോള്‍ വാല്‍വുകളും അഗ്‌നിശമന സംവിധാനങ്ങളും ഉണ്ടാവണം. ഇവ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം.  പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധന ഉത്തരവ് പാലിക്കണം. അനുവദിച്ച അളവിലും പോലിസിന്റെ പ്രത്യേക നിര്‍ദേശങ്ങള്‍ക്കനുസരിച്ചുമല്ലാതെ ആഘോഷ സ്ഥലങ്ങളിലോ കെട്ടിടങ്ങളിലോ പടക്കങ്ങള്‍, ഇന്ധനം തുടങ്ങിയവ ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top