'സര്‍ക്കാര്‍ മദ്യവിപണനത്തിന് ആക്കം കൂട്ടുന്നത് പ്രതിഷേധാര്‍ഹം'മാനന്തവാടി: മദ്യവും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നതു കാരണം സമൂഹത്തിലുണ്ടാവുന്ന വിപത്തിനെതിരേ ജാഗ്രത പാലിക്കേണ്ട സര്‍ക്കാര്‍ തന്നെ മദ്യ ഉല്‍പാദനം വര്‍ധിപ്പിച്ച് വിപണനത്തിന് ആക്കംകൂട്ടുന്നതു പ്രതിഷേധാര്‍ഹമാണെന്നു വര്‍ക്കല ശിവഗിരി മഠം സെക്രട്ടറി സ്വാമി ഗുരുപ്രസാദ് കുറ്റപ്പെടുത്തി. മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ ആദിവാസി അമ്മമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും സൈ്വരജീവിതത്തിനും മദ്യം വലിയ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞാണ് അക്ഷരാഭ്യാസം പോലുമില്ലാത്ത ആദിവാസി വീട്ടമ്മമാര്‍ മദ്യഷാപ്പിനെതിരേ സമരം നടത്തുന്നത്. പിറന്ന നാട്ടില്‍ സൈ്വരജീവിതം നയിക്കാന്‍ ഇവര്‍ നടത്തുന്ന സമരം തികച്ചും ന്യായമാണ്. സമരം 517 ദിവസം പിന്നിട്ടിട്ടും അധികാരികള്‍ അവഗണിക്കുന്നത് അനീതിയാണ്- അദ്ദേഹം പറഞ്ഞു. സി കെ മാധവന്‍, കെ ആര്‍ ഗോപി, ഫാ. മാത്യു കാട്ടറത്ത്, എന്‍ മണിയപ്പന്‍, ചന്ദ്രശേഖരന്‍ നായര്‍, സി കെ ദിവാകരന്‍, വെള്ള സോമന്‍, ലത സിദ്ധകുമാര്‍, മുജീബ് അഞ്ചുകുന്ന്, മാക്കമ്മ സംസാരിച്ചു.

RELATED STORIES

Share it
Top