സര്‍ക്കാര്‍ പിന്‍വാങ്ങുന്നുവെന്ന പ്രചാരണം തെറ്റെന്നു മന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങുന്നെന്ന പ്രചാരണം തെറ്റാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  കേരള സഹകരണ ബാങ്ക് എന്ന ആശയം പ്രാവര്‍ത്തിക തലത്തില്‍ എത്തിക്കാനുള്ള ഊര്‍ജിതമായ കര്‍മപരിപാടിയാണു സഹകരണ വകുപ്പു നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു. ത്രിതല സംവിധാനത്തില്‍ നിന്നു ദ്വിതല സംവിധാനത്തിലേക്കു സഹകരണ മേഖലയെ മാറ്റുന്നതു തന്നെ കേരള ബാങ്ക് രൂപീകരണത്തിനാണ്. സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ച് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന കേരള ബാങ്ക് രൂപീകരിക്കുന്നതിനാണു സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനും നബാര്‍ഡിനും അപേക്ഷ നല്‍കിയത്. ചില തല്‍പ്പര കക്ഷികള്‍ ഇതേക്കുറിച്ച് തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങള്‍ കുറേനാളായി നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. ബംഗളൂരു ഐഐഎമ്മിലെ പ്രഫ. എം എസ് ശ്രീറാം നേതൃത്വം നല്‍കിയ വിദഗ്ധ സമിതിയെ നിയോഗിച്ച് തയ്യാറാക്കിയ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേരള ബാങ്ക് യാഥാര്‍ഥ്യമാക്കാനുള്ള തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ആര്‍ബിഐയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാവുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് യാഥാര്‍ഥ്യമാവുന്നതു സംസ്ഥാനത്തെ സഹകരണ ബാങ്കിങ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിതെളിക്കും. സംസ്ഥാന സഹകരണ ബാങ്ക് ആകെ നഷ്ടത്തിലാണെന്ന വാര്‍ത്തകള്‍ ഗൂഢ ഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണ്. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധന പര്യാപ്തത 16.88 ശതമാനമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 90 കോടിയോളം രൂപയായി വര്‍ധിച്ചത് എടുത്തുപറയാവുന്ന നേട്ടമാണ്. കേരള ബാങ്ക് ഉണ്ടാവില്ലെന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ സഹകരണ മേഖലയുടെ സംരക്ഷകരല്ലെന്നു പൊതുസമൂഹം മനസ്സിലാക്കണം. കേരള ബാങ്ക് രൂപീകരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top