സര്‍ക്കാര്‍ പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കണം: അമീര്‍

dhoha-ameer

ദോഹ: എണ്ണവില ഇടിഞ്ഞു കൊണ്ടിരിക്കുന്നതില്‍ പരിഭ്രാന്തി ആവശ്യമില്ലെങ്കിലും പൗരന്മാര്‍ ജാഗ്രത പാലിക്കുകയും രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യണമെന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. സര്‍ക്കാര്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും അഴിമതിയും ചുവപ്പുനാടയും ഒഴിവാക്കി നവസംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ശൂറാ കൗണ്‍സിലിന്റെ 44ാമത് സെഷന്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമീര്‍.

മിഡില്‍ ഈസ്റ്റിലെ അസ്ഥിര സാഹചര്യത്തെയും എണ്ണവിലയിലെ തുടര്‍ച്ചയായ ഇടിവിനെയും മറികടന്ന് ഖത്തറിന്റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം നല്ല പുരോഗതി കൈവരിച്ചതായി അമീര്‍പറഞ്ഞു. ജിഡിപി വളര്‍ച്ചാ നിരക്ക് 6.1 ശതമാനത്തിലെത്തി. മിഡില്‍ ഈസ്റ്റിലെയും ഉത്തര ആഫ്രിക്കയിലെയും വളര്‍ച്ചാ നിരക്ക് 2.4 ശതമാനത്തില്‍ നില്‍ക്കെയാണ് ഖത്തറിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. പല ആഗോള റേറ്റിങ് ഏജന്‍സികളും ഖത്തറിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ നേട്ടങ്ങള്‍ക്കിടയിലും എണ്ണ വില തുടര്‍ച്ചയായി ഇടിയുന്നതിനാല്‍ ജാഗ്രത ആവശ്യമാണെന്ന് അമീര്‍ മുന്നറിയിപ്പ് നല്‍കി. ഭയപ്പെടുന്നതിന് പകരം ജാഗ്രതയും മുന്നൊരുക്കവുമാണ് വേണ്ടത്. ഭയം നയരൂപീകരണത്തിന് തടസ്സം സൃഷ്ടിക്കുകയും സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. എന്നാല്‍, ജാഗ്രത വെല്ലുവിളിയെ യോജിച്ച് നിന്ന് നേരിടാന്‍ സഹായിക്കുമെന്നും അമീര്‍ പറഞ്ഞു.

ഇതിനേക്കാള്‍ വലിയ വെല്ലുവിളികളെ ഖത്തര്‍ അതിജീവിച്ചിട്ടുണ്ട്. എന്നാല്‍, ഉയര്‍ന്ന എണ്ണവിലയുണ്ടായിരുന്നപ്പോഴത്തെ മെച്ചപ്പെട്ട അവസ്ഥയുടെ സൗകര്യം ആസ്വദിച്ചപോലെ തന്നെ നിലവിലെ വെല്ലുവിളികളുടെ ഭാരവും ഉത്തരവാദിത്തവും ഒരുമിച്ചു വഹിക്കാന്‍ തയ്യാറായാല്‍ മാത്രമേ നമുക്ക് മുന്നോട്ടു പോകാനാവൂ. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന കര്‍ശന നടപടികളോട് ജനങ്ങള്‍ സഹകരിക്കണമെന്ന സൂചനയാണ് അമീര്‍ ഇതിലൂടെ നല്‍കിയത്.

ഊര്‍ജവിപണിയില്‍ എണ്ണവില താഴോട്ടു പോവുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യവികസനം, മാനുഷിക വിഭവ വികസനം എന്നിവയില്‍ ഖത്തര്‍ മുന്‍നിശ്ചയിച്ചതു പ്രകാരം മുന്നോട്ടു പോവുമെന്ന് അമീര്‍ ഊന്നിപ്പറഞ്ഞു. ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030 പ്രകാരം രാജ്യത്തെ ആധുനിക വികസിത രാഷ്ട്രമാക്കി മാറ്റേണ്ടതുണ്ട്. അതിനാവശ്യമായ സുതാര്യവും വ്യക്തവുമായ പദ്ധതികളുമായി മുന്നോട്ടു പോവാന്‍ അമീര്‍ ബന്ധപ്പെട്ട എല്ലാവരോടും ആഹ്വാനം ചെയ്തു.

2016 സാമ്പത്തിക വര്‍ഷം ജനുവരി ആദ്യത്തില്‍ ആരംഭിക്കുകയാണ്. അതിനുള്ള ബജറ്റ് തയ്യാറാക്കുന്നത് എണ്ണവിലയിടിവ് കണക്കിലെടുത്തുകൊണ്ടായിരിക്കും. അതല്ലെങ്കില്‍ വലിയ ബജറ്റ് കമ്മി മൊത്തം സാമ്പത്തിക മേഖലയെ ബാധിക്കും. എണ്ണവിലയിടിവ് ദോഷകരമാണെന്ന് തോന്നാമെങ്കിലും അതൊരു പക്ഷേ രാജ്യത്തിന് ഗുണകരമായി ഭവിച്ചേക്കാമെന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് അമീര്‍ വ്യക്തമാക്കി. ഉയര്‍ന്ന എണ്ണവില രാജ്യത്തിന് പല ഗുണഫലങ്ങളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതുണ്ടാക്കിയ ദോഷങ്ങളും കാണാതിരുന്നു കൂട. അനാവശ്യമായ ചെലവുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആവശ്യത്തിലധികം ജീവനക്കാര്‍, അബദ്ധങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുകയും പരാജയം പണം ഉപയോഗിച്ച് മൂടിവയ്്ക്കുകയും ചെയ്യുക തുടങ്ങിയവ ഉദാഹരണങ്ങളായി അമീര്‍ ചൂണ്ടിക്കാട്ടി. ഇത് എല്ലാറ്റിനും സര്‍ക്കാരിനെ ആശ്രയിക്കാനും വ്യക്തികള്‍ സ്വയം മുന്നോട്ട് വന്ന് പുരോഗതിയിലേക്കു കുതിക്കുന്നതിനും തടസ്സമാവുകയും ചെയ്തു. ഇപ്പോള്‍ വരുത്തുന്ന നിര്‍ബന്ധിത ചെലവു ചുരുക്കല്‍ ഈ പിഴവുകള്‍ തിരുത്താനുള്ള ഒരു അവസരമായി ഉപയോഗപ്പെടുത്താന്‍ അമീര്‍ ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ചെലവുകള്‍ കാര്യക്ഷമമാക്കുന്നതില്‍ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും. അതോടൊപ്പം എണ്ണ ഇതര മേഖലവികസിപ്പിക്കുന്നതിലൂടെ സാമ്പത്തിക രംഗത്ത് വൈവിധ്യവല്‍ക്കരണം കൊണ്ടുവരികയും ചെയ്യും.

പല സര്‍ക്കാര്‍ കമ്പനികള്‍ക്കുമുള്ള സബ്്‌സിഡികള്‍ ഒഴിവാക്കുമെന്നും ചിലത് സ്വകാര്യവല്‍ക്കരിക്കുമെന്നും അമീര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുഴുവന്‍ കമ്പനികളെയും സമഗ്രമായി വിലയിരുത്തി സാമ്പത്തിക കാര്യ ഉന്നത സമിതിക്കു റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇതില്‍ പല കമ്പനികള്‍ക്കും നല്‍കുന്ന സബ്്‌സിഡി അവസാനിപ്പിക്കാനും ചിലത് സ്വകാര്യവല്‍ക്കരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചിലതിന്റെ മാനേജ്‌മെന്റ് സ്വകാര്യമേഖലയ്ക്ക് കൈമാറും. സര്‍ക്കാര്‍ കോര്‍പറേഷനുകളും കമ്പനികളും സ്വകാര്യ മേഖലയുമായി മല്‍സരിക്കരുതെന്നും തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ സ്വകാര്യ മേഖല സര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വം കാത്തുനില്‍ക്കാതെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയും സ്വയം മുന്നോട്ടു വരികയും ചെയ്യേണ്ടതുണ്ടെന്ന് അമീര്‍ ഊന്നിപ്പറഞ്ഞു. ബ്യൂറോക്രസിയിലെ ചുവപ്പുനാടകള്‍ ഒഴിവാക്കി മികച്ച നിക്ഷേപ സാഹചര്യം സൃഷ്ടിക്കുകയും വ്യാപാര മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് അമീര്‍ പറഞ്ഞു. വ്യാപാര രംഗത്ത്് വിദേശ കമ്പനികള്‍ അനിവാര്യമാണെങ്കിലും ആഭ്യന്തര തലത്തിലും മൂലധന നിക്ഷേപത്തിന് തയ്യാറാവേണ്ടതുണ്ടെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

നിക്ഷേപ സാഹചര്യത്തെ തടസ്സപ്പെടുത്തുന്ന അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കണം. ഒരേ കാര്യം തന്നെ പല തവണ ആവര്‍ത്തിക്കേണ്ടി വരുക, നടപടിക്രമങ്ങള്‍ ഇടയ്ക്കിടെ മാറുക തുടങ്ങിയ കാര്യങ്ങള്‍ പൗരന്മാരിലും വിദേശ നിക്ഷേപകരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പരമാവധി വ്യവസ്ഥാപിതമാക്കുകയും ഏകജാലക സംവിധാനം ഒരുക്കുകയും ചെയ്യേണ്ടതുണ്ട്.

സാമ്പത്തിക മേഖലകള്‍, ലോജിസ്റ്റിക്‌സ്, സംഭരണ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍,  ഇതുമാത്രം മതിയാവില്ലെന്നും റിയല്‍ എസ്റ്റേറ്റ് വിലയിലെ അനാവശ്യമായ വര്‍ധന തടയപ്പെടേണ്ടതുണ്ടെന്നും അമീര്‍ വ്യക്തമാക്കി. സാധാരണ പൗരന്മാരുടേതിനേക്കാള്‍ ഉത്തരവാദിത്തം സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കുണ്ട്. സാമ്പത്തിക, ഭരണ മേഖലകളില്‍ ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ല. സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ സ്ഥാനമാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും വ്യക്തിതാല്‍പര്യത്തിനായി പ്രൊഫഷനല്‍ നിലവാരം ബലികഴിക്കുന്നതും അനുവദിക്കില്ലെന്നും അമീര്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top