സര്‍ക്കാര്‍ പറഞ്ഞതെല്ലാം കള്ളമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ദുരന്തബാധിതരെ സംസ്ഥാനസര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന ക്രൂര സത്യമാണ് ആര്‍ച്ച് ബിഷപ് സൂസെപാക്യത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഓഖി ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും കേവലം 49 കുടുംബങ്ങള്‍ക്കു മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചതെന്നത് ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ ഫിഷറീസ് മന്ത്രിയും സര്‍ക്കാരും ഇത്രയും നാള്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഓഖി ദുരന്തബാധിതര്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരവും പത്തുലക്ഷം രൂപ നിക്ഷേപവുമായി കൊടുത്തപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയട്ടെ, തിരക്കാണ് എന്നൊക്കെയുള്ള മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ നല്‍കിയത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടെന്ന് ആര്‍ച്ച് ബിഷപ് തന്നെ വ്യക്തമായി പറയുന്നു. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സംവിധാനം ജാഗ്രതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ മുഴുവന്‍ കെടുകാര്യസ്ഥതയാണെന്ന് ആര്‍ച്ച് ബിഷപ്പിന് പറയേണ്ടി വന്നത് അത്രയേറെ ഗുരുതരമായ വീഴ്ച സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം മന്ത്രിക്കും സര്‍ക്കാരിനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top