സര്‍ക്കാര്‍ പണം, ആര്‍എസ്എസ് പദ്ധതി

പൂര്‍ത്തി കമ്പനിയുമായുള്ള ഗഡ്കരിയുടെ ബന്ധം മുംബൈയില്‍ നിന്നുള്ള ന്യൂസ് എക്‌സ് ചാനലിലാണ് ആദ്യം വാര്‍ത്തയായത്. ജഹാംഗീര്‍ പോച്ചയാണ് ന്യൂസ് എക്‌സിന്റെ എഡിറ്റര്‍. ജഹാംഗീറിന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ രഞ്ജന ജയ്റ്റ്‌ലി വഴിയാണ് വാര്‍ത്ത പുറത്തുവന്നത്. രഞ്ജനയ്ക്ക് വാര്‍ത്ത ലഭിച്ചതാകട്ടെ ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി വഴിയും. അരുണ്‍ ജയ്റ്റ്‌ലിയുടെ മരുമകളാണ് രഞ്ജന. മോദിക്കു വേണ്ടിയാണ് ജയ്റ്റ്‌ലി ഇതെല്ലാം ചെയ്യുന്നതെന്ന വിവാദം അകത്തളത്തില്‍ പുകഞ്ഞു. എന്നാല്‍, ഗഡ്കരിക്കായി ലോബിയിങ് നടത്താന്‍ മോഹന്‍ ഭാഗവത് തന്നെ രംഗത്തെത്തി. കൂടെ മുതിര്‍ന്ന നേതാവ് മന്‍മോഹന്‍ വൈദ്യയും.
മോദി സര്‍ക്കാരില്‍ മന്ത്രിയാവുന്നതിനു തൊട്ടുമുമ്പ് 2013ല്‍ കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര വാണിജ്യമന്ത്രിയുമായിരുന്ന നാരായണ്‍ റാണെയെ സ്വാധീനിച്ച് ഗഡ്കരി രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ ഹൗസിങ് പദ്ധതി—ക്കെന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ നാഗ്പൂരില്‍ 20 ഏക്കര്‍ വാണിജ്യഭൂമി സംഘടിപ്പിച്ചിരുന്നു. 400 സ്‌ക്വയര്‍ ഫീറ്റ് വീട് എന്നതായിരുന്നു പദ്ധതി. ആര്‍എസ്എസിനു വേണ്ടിയുള്ള പ്രത്യേക ഹൗസിങ് കോളനിയായിരുന്നു ഗഡ്കരിയുടെ യഥാര്‍ഥ ലക്ഷ്യമെന്ന് ആരും അറിഞ്ഞില്ല.
ഇതേ ഭൂമി ഗഡ്കരി ഡയറക്ടറായ കമ്പനിയുടെ പേരില്‍ കൈക്കലാക്കാനുള്ള ആര്‍എസ്എസ് പദ്ധതി നേരത്തേ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു ചെലവു കുറഞ്ഞ വീടിന്റെ മറവിലുള്ള വാണിജ്യം. അന്ന് എംപിമാരായിരുന്ന പിയൂഷ് ഗോയല്‍, അജയ് സാന്‍ചെത്ര, പ്രകാശ് ജാവ്‌ദേക്കര്‍, പ്രകാശ് ജാദവ് എന്നിവരുടെ വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു കെട്ടിട സമുച്ചയം പണിതത്. ഇതില്‍ ജാവ്‌ദേക്കറും പിയൂഷ് ഗോയലും ഇപ്പോള്‍ മോദി സര്‍ക്കാരില്‍ മന്ത്രിമാരാണ്. കോളനി—ക്ക് വി ഡി സവര്‍ക്കറുടെ പേരിട്ടു. ആര്‍എസ്എസുകാര്‍ക്ക് മാത്രം വീടുകള്‍ കൈമാറി.
എന്നാല്‍, പിന്നീട് നടന്ന കാര്യങ്ങള്‍ ഗഡ്കരിയുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതായിരുന്നില്ല. 2,30,000 രൂപയായിരുന്നു ഒരു ഫഌറ്റിന്റെ വില. ഇതിനായി ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള നാഗ്പൂര്‍ നാഗരിക് കോ-ഓപറേറ്റീവ് ബാങ്ക് വായ്പയും നല്‍കി. വൈകാതെ ഈ വില 6,25,000 ആയി ഉയര്‍ന്നു. ദുര്‍ബലമായ നിര്‍മിതിയായതിനാല്‍ വീടുകള്‍ പലയിടത്തും പൊളിയാന്‍ തുടങ്ങി. ഇത്തരം കോളനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് വാങ്ങേണ്ട പല അനുമതികളും വാങ്ങിയിരുന്നില്ലെന്ന വിവരം പിന്നീട് പുറത്തുവന്നു. സാധാരണ ഫാക്ടറി തൊഴിലാളികളായ ആര്‍എസ്എസുകാരായിരുന്നു താമസക്കാര്‍. അവര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. വെള്ളമോ മാലിന്യ സംസ്‌കരണ സൗകര്യമോ കോളനിയില്‍ ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ പദ്ധതിയുടെ ക്രെഡിറ്റ് നേടിയെടുത്ത ഗഡ്കരി രംഗം വഷളായതോടെ ആ വഴിയെ വന്നില്ല. എന്നാല്‍, താമസക്കാര്‍ പോലിസിനെയും പിന്നീട് കോടതിയെയും സമീപിച്ചു. ഇപ്പോള്‍ കേന്ദ്ര ഉപരിതല മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസറായിരുന്ന സുധീര്‍ ദേവല്‍ ഗോണ്‍കറായിരുന്നു അന്ന് ഗഡ്കരിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ്. അയാള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയുമായി വന്നു. എന്നാല്‍, കോടതിയില്‍ പോരാടാന്‍ തന്നെയായിരുന്നു താമസക്കാരുടെ തീരുമാനം.
കേന്ദ്രമന്ത്രിയായ ശേഷം മന്ത്രാലയത്തില്‍ ആര്‍എസ്എസുകാരെ കുത്തിനിറച്ചെങ്കിലും മോദിയുമായുള്ള ബന്ധം വഷളായി വന്നു. ഗഡ്കരിയുടെ ആദ്യ മൂന്നു പദ്ധതികള്‍ക്കും രണ്ടു വിദേശ യാത്രയ്ക്കും മോദി അനുമതി നിഷേധിച്ചതോടെ കലഹം മൂത്തു. നാലാമത്തെ അപേക്ഷയും മോദി തള്ളിയതോടെ ഗഡ്കരി നാഗ്പൂരിലേക്ക് വച്ചുപിടിച്ചു. ഇപ്പണിക്ക് ഇനി താനില്ലെന്നു പറഞ്ഞതോടെ മോഹന്‍ ഭാഗവത് ഡല്‍ഹിയിലെത്തി മോദിയെ കണ്ടു. മോദിയെയും ഗഡ്കരിയെയും ഇരുത്തി നടത്തിയ ചര്‍ച്ചയിലെ അന്തിമ തീരുമാനം ഇതായിരുന്നു: ഗഡ്കരി ഇനിയൊരിക്കലും മോദിയെ പാര്‍ട്ടിക്കുള്ളിലോ പുറത്തോ വിമര്‍ശിക്കില്ല. പകരം മോദി ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ ഇടപെടാനും പാടില്ല. പിന്നീടൊരിക്കലും ഗഡ്കരിയുടെ മന്ത്രാലയത്തില്‍ മോദി കാര്യമായ ഇടപെടല്‍ നടത്തിയില്ല. ഗഡ്കരി കേന്ദ്രമന്ത്രിയായ ശേഷം പൂര്‍ത്തി ഗ്രൂപ്പ് അസാധാരണമാംവിധം വളര്‍ന്നു. എഥനോള്‍ ഇന്ധനമാക്കിയുള്ള ബസ്സുകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിനു മുമ്പുതന്നെ പൂര്‍ത്തി ഗ്രൂപ്പ് ഈ പദ്ധതി തുടങ്ങിയിരുന്നു.
2016ല്‍ മനാസ് അഗ്‌റോ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്ക് ഐഡിബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അസാധാരണമായ രീതിയില്‍ 1034 കോടിയുടെ ലോണ്‍ നല്‍കി. ഗഡ്കരിയുടെ മക്കളിലൊരാള്‍ മനാസ് അഗ്‌റോ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറും മറ്റൊരു മകന്‍ അതിന്റെ പ്രമോട്ടറുമായിരുന്നു.

(തുടരും)

കാവിപ്പുരയിലെ കള്ളച്ചൂതുകാര്‍ പരമ്പര

തയ്യാറാക്കിയത്: കെ എ സലിം

നാളെ: എഥനോള്‍ ഇന്ധനം അഥവാ പരിസ്ഥിതി സ്‌നേഹ തട്ടിപ്പ്  - 5

RELATED STORIES

Share it
Top