സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയേക്കും

കൊച്ചി: ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇതിനായി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയേക്കും. ഹാരിസണ്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം ഉള്‍പ്പെെടയുള്ളവ പരിഗണിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്നലെ അറിയിച്ചിരുന്നു. ഹാരിസണ്‍ എസ്റ്റേറ്റ് സംബന്ധിച്ച് രാജമാണിക്യം റിപോര്‍ട്ടില്‍ ഭരണഘടനാപരമായ ചില പ്രശ്‌നങ്ങള്‍ നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് നിയമമന്ത്രി എ കെ ബാലനും പറഞ്ഞിരുന്നു.വിവാദമായ ഭൂമികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി തീരുമാനമൊന്നും പറയാതിരുന്നതിനാല്‍ വലിയ വെല്ലുവിളിയൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ആന്റി ലാന്‍ഡ് ഗ്രാബിങ് ബില്ല് എന്ന പേരില്‍ ഒരു നിയമനിര്‍മാണം അണിയറയിലാണ്. ഭരണകക്ഷിയിലായ പ്രമുഖരായ സിപിഐ നേരത്തെ മുതലേ ഈ ബില്ലിന് വേണ്ടി ശ്രമിക്കുന്നുണ്ട്. കേരള ഭൂസംരക്ഷണ നിയമത്തിന്റെ പരിമിതി മറികടക്കാന്‍ പുതിയ നിയമം വേണമെന്നുമാണ് സിപിഐ നിലപാട്. ആന്ധ്രപ്രദേശിലെ ആന്റി ലാന്‍ഡ് ഗ്രാബിങ് ആക്റ്റിന് സമാനമായ നിയമം വേണമെന്നാണ് പാര്‍ട്ടി നിലപാട്. 1971ലെ കണ്ണന്‍ദേവന്‍ ഹില്‍സ് ആക്റ്റ് പോലുള്ള നിയമം വേണോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ ഭൂമി പിടിച്ചുപറി ആന്ധ്രയിലേതുപോലെയല്ലെന്നും തോട്ടത്തിനായി നല്‍കുന്ന ഭൂമി റിസോര്‍ട്ടിനുംമറ്റും ഉപയോഗിക്കുന്നതാണ് പ്രശ്‌നമെന്നാണ് സിപിഎം വാദം.
ഓരോ തോട്ടങ്ങളും വ്യത്യസ്ത ഭരണകാലങ്ങളില്‍ വ്യത്യസ്ത നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അനുവദിച്ചതായതിനാല്‍ അവയെ ഒറ്റയടിക്ക് നേരിടാനാവില്ല. ഇത് അതിസങ്കീര്‍ണമായ നിയമനടപടികള്‍ക്ക് വഴിവയ്ക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം സിവില്‍ കോടതിയില്‍ അന്യായവുമായി പോയാല്‍ അത് തീരാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. വിദേശ കമ്പനിയുടെ പിന്‍ഗാമിയായ ഹാരിസണ്‍ മലയാളം ഇന്ത്യന്‍ കമ്പനി നിയമത്തില്‍ വ്യവസ്ഥചെയ്യുന്ന പോലുള്ള കമ്പനിയല്ലെന്നാണ് റിപോര്‍ട്ട് പറയുന്നത്.  ഭൂരഹിതര്‍ക്കു ഭൂമി ലഭിക്കാന്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമത്തിന്റെ ആനുകൂല്യം വിദേശ കമ്പനികള്‍ക്കു ലഭിക്കില്ല. ഇതൊന്നും പരിഗണിക്കാതെയാണ് മുന്‍കാലങ്ങളില്‍ വിവിധ കോടതികളും താലൂക്ക് ലാന്‍ഡ് ബോ ര്‍ഡും വിധി പുറപ്പെടുവിച്ചതെ ന്നും റിപോര്‍ട്ട് പറയുന്നു.

RELATED STORIES

Share it
Top