സര്‍ക്കാര്‍ നമ്മുടേതാണെങ്കിലും ശബ്ദിക്കാതിരുന്നാല്‍ നമ്മുടെ കാര്യം സര്‍ക്കാര്‍ ഓര്‍മിക്കണമെന്നില്ലെന്ന്

അന്തിക്കാട്: സര്‍ക്കാര്‍ നമ്മുടേതാണെങ്കിലും ശബ്ദിക്കാതിരുന്നാല്‍ നമ്മുടെ കാര്യം സര്‍ക്കാര്‍ ഓര്‍മിക്കണമെന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷന്‍(എഐടിയുസി) അന്തിക്കാട് സംഘടിപ്പിച്ച പി കെ കേശവന്‍ ജന്മശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയുന്ന കുട്ടിക്കേ പാലുള്ളുവെന്ന പഴമൊഴിയും അദ്ദേഹം ഓര്‍മിപ്പിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറക്കാന്‍ തീരുമാനിച്ചുവെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് മൂലം തുറക്കാന്‍ കഴിയാതെ കള്ള് ഷാപ്പുകള്‍ ശൂന്യാകാശത്ത് തന്നെ നില്‍ക്കുകയാണ്-കാനം ചൂണ്ടികാട്ടി. പഴയ കള്ള് ഷാപ്പുകളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കള്ളുഷാപ്പുകളില്‍ ആധുനിക വല്‍ക്കരണം കൊണ്ടുവരണം. വൃത്തിയും വെടിപ്പും വേണം. അപ്പോള്‍ വിദേശ സഞ്ചാരികളെത്തും. പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായവും ആധുനിക വ്യവസായമായ ടൂറിസവുമായി ബന്ധപ്പെടുത്തി കള്ള് വ്യവസായത്തെ പുന:സംഘടിപ്പിക്കാം. ടൂറിസവുമായി ബന്ധപ്പെടുത്തി കള്ളിനെ കേരളത്തിന്റെ നാടന്‍ പാനീയമെന്ന പ്രത്യേക പദവി നല്‍കിയാല്‍ കള്ള് വ്യവസായത്തെ സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top