സര്‍ക്കാര്‍ ധനസഹായം വാങ്ങി നല്‍കാമെന്നു പറഞ്ഞ് പണം പിരിക്കുന്നതായി പരാതി

പത്തനംതിട്ട: ഭിന്നശേഷിയുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നിന്നും 25000 രൂപ വാങ്ങി കൊടുക്കാമെന്ന പേരില്‍ പണം പിരിക്കുന്നതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലിസ് ഇടപ്പെട്ട് സ്ഥലത്തെത്തിയവരെ തിരിച്ചയച്ചു. ഇന്നലെ രാവിലെ മുതലാണ് സെന്‍ട്രല്‍ ജങ്ഷന് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്ത് പിരിവിന് ശ്രമം നടന്നത്. സംഘടനയില്‍ അംഗത്വം എടുത്തതിന്റെ ഐഡിന്റിറ്റി കാര്‍ഡും റേഷന്‍ കാര്‍ഡ്, ഭിന്ന ശേഷി തെളിയുക്കുന്നതിനുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റും ഇവയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആയിരം രൂപയുമായി എത്താനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍, മണക്കാല, പയ്യനാമണ്‍, തടിയൂര്‍, വടശേരിക്കര, തിരുവല്ല, മല്ലപ്പള്ളി, തട്ട, ളാഹ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തി. സര്‍ക്കാര്‍ ധനസഹായത്തിന് ഓണ്‍ ലൈണ്‍ അപേക്ഷിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനുമാണ് പണം വാങ്ങുന്നതെന്നാണ് ഭാരവാഹികള്‍ അപേക്ഷകരെ ധരിപ്പിച്ചത്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി ബന്ധപ്പെട്ടവരോട് അന്വേഷണം നടത്തിയെങ്കിലും സാമ്പത്തിക ആരോപണം ഭാരവാഹികള്‍ നിഷേധിച്ചു. ഇതിനെ അപേക്ഷകര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുന്നതായി അപേക്ഷകര്‍ മനസിലാക്കിയത്. തുടര്‍ന്ന് ഈ വിവരം പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി സംഘാടകരെ ചോദ്യം ചെയ്‌തെങ്കില്‍ തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാല്‍ തങ്ങളോട് ആയിരം രൂപയുമായി എത്താന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടതായി സ്ഥലത്തുണ്ടായിരുന്ന തുവയൂര്‍ അന്തിച്ചിറ തെപ്ലാവില വീട്ടില്‍ എബി ജോര്‍ജ്, മണക്കാല കിഴക്കേ കോയിപ്പുറത്ത് അജിത, തട്ട മാമൂട് മലയില്‍ പറമ്പില്‍ ശാരദ സദാനന്ദന്‍, വടശേരിക്കര ഇടയക്കാട്ട് ഫിലിപ്പ് വര്‍ഗീസ്, പയ്യനാമണ്‍ മണക്കാലായില്‍ റെന്ി തോമസ് എന്നിവര്‍ പോലിസിന് മൊഴി നല്‍കി. സാമ്പത്തികമായി തട്ടിപ്പിനിരയായവര്‍ രേഖാമൂലം ബന്ധപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അപേക്ഷകര്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തമെന്നും പത്തനംതിട്ട പോലിസ് അറിയിച്ചു. സാമുഹിക ക്ഷേമ വകുപ്പില്‍ നിന്നും നല്‍കുന്ന ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷയും നടപടി ക്രമങ്ങളും സൗജന്യമാണ്. ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഇടനിലക്കാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ സാമുഹിക ക്ഷേമ ഓഫീസര്‍ എല്‍ ഷീബ അറിയിച്ചു. സാമുഹിക ക്ഷേമ ഓഫീസുമായി 0468 2325168, 8281999004 നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമുഹ്യ നീതി വകുപ്പില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള അനുകൂല്യങ്ങള്‍ വാങ്ങി നല്‍കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും സാമ്പത്തിക ആരോപണം അടിസ്ഥാന രഹിതമാണെന്നും സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top