സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ യൂനിഫോം ധരിച്ചില്ലെങ്കില്‍ നടപടി

എച്ച്  സുധീര്‍

തിരുവനന്തപുരം: നിയമവിധേയമായി യൂനിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. ഗതാഗത കമ്മീഷണര്‍ കെ പത്മകുമാറിന്റേതാണ് ഉത്തരവ്. ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തി നടപടിയെടുക്കാന്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും റീജ്യനല്‍, ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും ഗതാഗത കമ്മീഷണര്‍ രേഖാമൂലം നിര്‍ദേശം നല്‍കി.
കെഎസ്ആര്‍ടിസി ഒഴികെ മറ്റു സര്‍ക്കാര്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ യൂനിഫോം ധരിക്കാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു തീരുമാനം. ചുരുക്കം ഡ്രൈവര്‍മാര്‍ മാത്രമാണ് സര്‍ക്കാര്‍ വാഹനം ഓടിക്കുമ്പോള്‍ യൂനിഫോം ധരിക്കാറുള്ളത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ചേര്‍ത്തല സ്വദേശി നല്‍കിയ പരാതി ഗതാഗത കമ്മീഷണറുടെ ഓഫിസിലേക്ക് കൈമാറുകയായിരുന്നു.
അതിനിടെ, ആക്‌സിഡന്റ് കേസുകളില്‍ പെടുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കുന്നതില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നതായി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എംഡി എ ഹേമചന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്കു പരാതി നല്‍കി. ഇതുകാരണം ബസ്സുകള്‍ പോലിസ്‌സ്റ്റേഷനുകളില്‍ നിന്നു വിട്ടുകിട്ടാന്‍ കാലതാമസം നേരിടുന്നു. ബസ്സുകള്‍ ലഭ്യമാവാതെ വരുന്നതോടെ പൊതുജനങ്ങള്‍ക്ക് യാത്രാപ്രതിസന്ധി നേരിടുന്നതായും കോര്‍പറേഷനും സര്‍ക്കാരിനും വരുമാന നഷ്ടമുണ്ടാവുന്നതായും എംഡി ചൂണ്ടിക്കാട്ടി.
പരാതിയുടെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകളില്‍ അകപ്പെടുന്ന ബസ്സുകളുടെ പരിശോധന മുന്‍ഗണനാക്രമത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആര്‍ടിഒമാര്‍ ശ്രദ്ധിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ നി ര്‍ദേശം നല്‍കി. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.

RELATED STORIES

Share it
Top