സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു; രോഗികള്‍ ദുരിതത്തില്‍

കാസര്‍കോട്: സര്‍ക്കാര്‍ ആശുപത്രികളിലെ ഒപിവിഭാഗത്തിലെ സമയം ദീര്‍ഘിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ ജില്ലയിലെ സിഎച്ച്‌സി തുടങ്ങി നിരവധി സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന രീതിയിലായി. വെള്ളിയാഴ്ച ആരംഭിച്ച സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ ഒപിവിഭാഗം അടച്ചിട്ടിരിക്കുകയാണ്. ഇതില്‍ സേവനം ചെയ്യുന്ന മിക്ക ഡോക്ടര്‍മാരും സമരത്തിലാണ്. ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗവും അത്യാഹിത വിഭാഗവുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ വരും ദിവസങ്ങളില്‍ സമരം തുടരുകയാണെങ്കില്‍ അത്യാഹിത വിഭാഗങ്ങളിലെ പ്രവര്‍ത്തനം തടസപ്പെടും. ഇത് കൂടാതെ ശസ്ത്രക്രിയകളും മുടങ്ങിയേക്കും. രണ്ട് ദിവസങ്ങളിലായി തുടരുന്ന സമരം കാരണം നുറുക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികളില്‍ ദിവസേന നൂറുക്കണക്കിന് രോഗികളാണ് എത്തിയത്. പലരും ഡോക്ടറെ കാണാനാവാതെ മടങ്ങി. മടങ്ങിയവരില്‍ കുട്ടികളും ഏറെയുണ്ട്. കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെ ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത്. രോഗികളെ പരിശോധിച്ച് ഡോക്ടര്‍ തളരുകയാണ്.
അപകടങ്ങള്‍, അത്യാഹിതങ്ങള്‍ എന്നിവയുണ്ടായാല്‍ സ ര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കുന്നവരുടെ നില ഗുരുതരമാവാനാണ് സാധ്യത. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം സമരം കാരണം ലഭിക്കാതെ വരും. പാവപ്പെട്ട രോഗികള്‍ക്ക് പണം നല്‍കി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരും. മാരകമായ രോഗങ്ങള്‍ ബാധിച്ചാല്‍ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യവും നല്‍കാനാവില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നാമമാത്രമായ ഡോക്ടര്‍മാരാണ് ഉള്ളത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത നിരവധി രോഗികളെ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ തിരിച്ചയക്കേണ്ടി വന്നു. ഡോക്ടര്‍മാര്‍ തുടരുന്ന സമരത്തെ ഒത്തുതീര്‍പ്പാക്കാനാവാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചികില്‍സ ലഭിക്കാതെ രോഗികള്‍ വലയുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് പകരം ഭീഷണിയുടെ സ്വരമുയര്‍ത്തുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top