സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ വലഞ്ഞു

തിരുവനന്തപുരം: ഒപി സമയം ദീര്‍ഘിപ്പിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അപ്രതീക്ഷിത സമരത്തില്‍ സംസ്ഥാനത്ത് രോഗികള്‍ വലഞ്ഞു. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായി തടസ്സപ്പെട്ടു. ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗം ബഹിഷ്‌കരിച്ചാണ് പ്രതിഷേധം.
എന്നാല്‍, അത്യാഹിത വിഭാഗത്തിനു മുടക്കമില്ല. വ്യാഴാഴ്ച രാത്രി വൈകിയാണ് ഡോക്ടര്‍മാര്‍ സമരത്തിന് ആഹ്വാനം ചെയ്തത്. അതിനാല്‍ ആശുപത്രികളിലെത്തിയശേഷമാണ് രോഗികളില്‍ ഭൂരിഭാഗവും വിവരമറിഞ്ഞത്. ഇതു പലയിടങ്ങളിലും പ്രതിഷേധത്തിനിടയാക്കി.
ജീവനക്കാരെ വര്‍ധിപ്പിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം വര്‍ധിപ്പിച്ചുവെന്നതാണ് ഡോക്ടര്‍മാരുടെ ആരോപണം. അധിക ഡ്യൂട്ടിസമയത്തു ഹാജരാവാതിരുന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. സി കെ ജസ്‌നിയെ സസ്‌പെന്‍ഡ് ചെയ്തതാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലിസമയം രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയാക്കി പുനക്രമീകരിച്ചിരുന്നു.
ഇന്നു മുതല്‍  സ്വകാര്യ പ്രാക്ടീസും നിര്‍ത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ 18 മുതല്‍ കിടത്തിച്ചികില്‍സയും ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.
അതേസമയം, സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ജോലിക്കു ഹാജരാവാതിരിക്കുന്ന ദിവസങ്ങള്‍ അനധികൃത അവധിയായി പരിഗണിക്കും.
ഒപി സമയം കൂട്ടിയ ആശുപത്രികളിലെല്ലാം മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. അതിനാല്‍ ജോലിഭാരം കൂടിയെന്ന ഡോക്ടര്‍മാരുടെ വാദം അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top